ഇടതില്ലെങ്കില്‍ മുസ്‍ലിംകള്‍ രണ്ടാംതരം പൗരന്മാരാകുമെന്ന സിപിഎം പ്രചാരണം തമാശ: സാദിഖലി ശിഹാബ് തങ്ങൾ
Mail This Article
മലപ്പുറം ∙ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇടതില്ലെങ്കില്‍ മുസ്‍ലിംകള്‍ രണ്ടാംതരം പൗരന്മാരാകുമെന്ന സിപിഎമ്മിന്‍റെ പ്രചാരണം തമാശയാണെന്ന് ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യ്ക്കു നൽകിയ അഭിമുഖത്തിൽ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സിപിഎമ്മിന്‍റെ മുസ്‍ലിം വിരുദ്ധപ്രചാരണം ബിജെപിക്ക് സഹായകമായി. സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴയ്ക്കാന്‍ സിപിഎം ശ്രമിച്ചു. ഇതിന് സിപിഎമ്മിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ലോക്സഭാ തിരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. കോഴിക്കോട്ട് എം.കെ.രാഘവനെതിരെ കരീംക്കയായും വടകരയില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജകാഫിര്‍ സ്‌ക്രീന്‍ഷോട്ടായും വന്നത് ഇതിന്റെ ഉദാഹരണമാണ്. സിപിഎം വിതച്ചത് ബിജെപി കൊയ്യുകയാണ്. ലൗ ജിഹാദും ഏക സിവില്‍ കോഡുമെല്ലാം ആദ്യം ഉന്നയിച്ചത് സിപിഎമ്മാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു.
മതനിരാസത്തിലൂന്നിയ കമ്യൂണിസത്തെ മതങ്ങളുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞാണ് സിപിഎം കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സിപിഎം തിരഞ്ഞെടുക്കന്നത്. ഇത്തവണ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാനായിരുന്നു പൊന്നാനിയില്‍ സിപിഎം ശ്രമം. സമുദായത്തിലെ സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോമാണ് മുസ്‌ലിം ലീഗ്. കമ്യൂണിസ്റ്റുകള്‍ക്ക് സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടാവാം. മുസ്‍ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സിപിഎമ്മുകാര്‍ ഇനിയുമേറെ പഠിക്കാനുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.