യുവാവ് ഇടിച്ചു വീഴ്ത്തിയത് ലഹരി ഇടപാട് മറയ്ക്കാൻ; എസ്ഐ അപകടനില തരണം ചെയ്തു
Mail This Article
പാലക്കാട് ∙ തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ പത്തൊൻപതുകാരൻ വാഹനം ഇടിച്ചു വീഴ്ത്തിയത് ലഹരി ഇടപാട് മറയ്ക്കാനെന്ന് പൊലീസ്. അലൻ അഭിലാഷും സുഹൃത്തും ലഹരി കൈമാറുന്ന സമയത്താണു പൊലീസ് എത്തിയത്. പിടിയിലാവുമെന്ന പേടിയിലാണ് വാഹനം പിന്നോട്ടെടുത്തു രക്ഷപ്പെട്ടതെന്ന് അലൻ മൊഴി നൽകി. അലന്റെ ലഹരി ഇടപാടുകൾ തെളിയിക്കുന്ന വിവരങ്ങൾ ഫോണിൽനിന്ന് പൊലീസിന് ലഭിച്ചു.
പരുക്കേറ്റ ഗ്രേഡ് എസ്ഐ ശശികുമാർ അപകടനില തരണം ചെയ്തു. കാറിടിച്ച് വീഴ്ത്തിയതിന്റെ അന്വേഷണ ചുമതല ചാലിശ്ശേരി ഇൻസ്പെക്ടർക്കു കൈമാറി. ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം. രാത്രിയിൽ സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട പൊലീസ് സംഘം പരിശോധിക്കാനായി സമീപത്തേക്ക് ചെല്ലുകയായിരുന്നു. പൊലീസ് അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു.
തുടർന്ന് ശശികുമാറും മറ്റൊരു പൊലീസുകാരനും വാഹനത്തിനു മുന്നിൽ കയറിനിന്ന് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ, ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞാങ്ങാട്ടിരി സ്വദേശിയായ വാഹന ഉടമയാണ് ആദ്യം പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാളുടെ ബന്ധുവാണ് വാഹനമോടിച്ചതെന്ന് മനസ്സിലായി.