‘പൊളിറ്റിക്കൽ ക്രിമിനലുകൾ കിടന്നു നുളയ്ക്കുന്നു; മന്ത്രിയാകാനും എംഎൽഎയാകാനും താൽപര്യമില്ല’
Mail This Article
ആലപ്പുഴ∙ പൊളിറ്റിക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു നുളയ്ക്കുകയാണെന്നും 90% പേർക്കും മാധ്യമങ്ങളുമായി ബന്ധമുണ്ടെന്നും മുൻ മന്ത്രി ജി.സുധാകരൻ. ആലപ്പുഴ വൈഎംസിഎയിൽ എൻ.വി.പ്രഭു സ്മാരക പുരസ്കാര സമർപ്പണത്തിനിടെയാണു വിമർശനം.
‘‘സി.ബി.സി.വാരിയർ ഫൗണ്ടേഷൻ പരിപാടിയിൽനിന്നു ഞാൻ ഇറങ്ങിപ്പോയെന്നു വാർത്ത വന്നു. എനിക്കു ചാരുംമൂട്ടിൽ പരിപാടിയുണ്ടായിരുന്നു. അക്കാര്യം പറഞ്ഞിട്ടാണു പോയത്. കള്ളം പറയുന്ന പത്രപ്രവർത്തകർ പണി വിട്ടു പോകണം. മാധ്യമങ്ങൾ തിരുത്തണം. ഡിസ്ട്രക്ടീവ് ജേണലിസം ആണ് ഇപ്പോൾ.
മോദിയെ പുകഴ്ത്തി എന്നു വാർത്ത വന്നു. മോദി ശക്തനായ ഭരണാധികാരി എന്നാണു പറഞ്ഞത്. നല്ലത് എന്നു പറഞ്ഞില്ല. നല്ലതും ശക്തിയും തമ്മിൽ വ്യത്യാസമുണ്ട്. മോദി മോശക്കാരൻ എന്നാണോ പറയേണ്ടത്. മന്ത്രിയാകാനും എംഎൽഎയാകാനും എനിക്കു താൽപര്യമില്ല. ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണു നല്ലതെന്നു പറഞ്ഞതു പിണറായിയെ പറ്റി ആണെന്നു വ്യാഖ്യാനിച്ചു’’– സുധാകരൻ കുറ്റപ്പെടുത്തി.