ഇന്ത്യയിലെ ഇവിഎം ബ്ലാക് ബോക്സ്, ആർക്കും പരിശോധിക്കാനാവില്ല; ആശങ്കയുമായി രാഹുൽ
Mail This Article
ന്യൂഡൽഹി∙ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇവിഎം) വിശ്വാസ്യതയിൽ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാ എംപി രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇവിഎം അൺലോക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചെന്നു പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണു രാഹുലിന്റെ പ്രതികരണം.
‘‘ഇന്ത്യയിലെ ഇവിഎം ഒരു ബ്ലാക് ബോക്സ് ആണ്. അത് ആർക്കും പരിശോധിക്കാൻ അനുവാദമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കകളുണ്ട്. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു.’’ – രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ പൊലീസ് പിടികൂടിയെന്ന വാർത്ത പങ്കുവച്ച് രാഹുൽ എക്സിൽ കുറിച്ചു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാൽ ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്നാണു മസ്ക് എക്സിൽ കുറിച്ചത്. പ്യൂർട്ടോറിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചായിരുന്നു മസ്കിന്റെ പ്രസ്താവന.
മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സാമാന്യവൽക്കരിക്കുന്ന പ്രസ്താവനയാണ് മസ്കിന്റേതെന്നും വേണമെങ്കിൽ ഇവിഎം നിർമാണത്തിൽ മസ്കിന് പരിശീലനം നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.