കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം
Mail This Article
കൊല്ലം ∙ ചാത്തന്നൂർ ശീമാട്ടി ജംക്‌ഷനിൽ കാർ കത്തി ഒരാൾ മരിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണു കത്തിയത്. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തി മരിച്ചതാരാണെന്ന് സ്ഥിരീകരിക്കും.
ഇന്ന് വൈകിട്ട് 6.45നാണ് അപകടം നടന്നത്. ചാത്തന്നൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് കത്തിയത്. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ വാഹനത്തിൽനിന്ന് തീ ഉയർന്നു. സമീപത്തുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ഹെൽമറ്റ് കൊണ്ട് ചില്ല് അടിച്ചുതകർക്കാൻ ശ്രമിച്ചെങ്കിലും തീ ആളി പടരുകയായിരുന്നു. കല്ലമ്പലം, പരവൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. കല്ലുവാതുക്കൽ സ്വദേശിയായ ആളാണു മരിച്ചതെന്നാണ് സൂചന. ആത്മഹത്യയാണെന്നും സംശയമുണ്ട്. സ്ഥിരീകരണമില്ല.