ADVERTISEMENT

കൊച്ചി∙ സേലം–കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പൊലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരു പ്രതി ലഹരിക്കേസുകളിലും പ്രതിയാണ്. ദേശീയപാത കേന്ദ്രീകരിച്ച് കുഴൽപ്പണം, സ്വർണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ആക്രമണ പദ്ധതികൾ. ഇത്തരത്തിൽ ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് ഇവർ വെള്ളിയാഴ്ചയും ആക്രമണത്തിനിറങ്ങിയതെങ്കിലും വാഹനം മാറിപ്പോകുകയായിരുന്നു.

ആക്രമണത്തിനുശേഷം, പ്രതികൾ ഉപയോഗിച്ചിരുന്ന കാറുകൾ മലമ്പുഴ ഡാം പരിസരത്താണ് ഒളിപ്പിച്ചിരുന്നത്. ഇവിടെനിന്ന് കാറുകൾ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും പേർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. തമിഴ്നാട് മധുക്കര പൊലീസും പാലക്കാട് കസബ പൊലീസും സംയുക്തമായാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി ഡിഎസ്പിയുടെ നേതൃത്വത്തിൽ 3 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി മധുക്കര പൊലീസ് അറിയിച്ചു. 

അതേസമയം, ആക്രമണത്തിനിരയായ യുവാക്കളുടെ പരാതി പരിഗണിക്കാൻ വിസമ്മതിച്ച കുന്നത്തുനാട് പൊലീസിനെതിരെ അന്വേഷണത്തിന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ റൂറൽ എസ്പി ചുമതലപ്പെടുത്തി. ബുധനാഴ്ച ഡിവൈഎസ്പി ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടായേക്കും. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ നേരത്തെ പൊലീസ്‌ അറസ്റ്റുചെയ്തിരുന്നു. മദ്രാസ് റജിമെന്റിൽ സൈനികനാണ് അറസ്റ്റിലായ വിഷ്ണു.

എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം  സിദ്ദിഖ്, ചാൾസ് റജി എന്നിവരും സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽനിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കൾ.

English Summary:

11-Member Gang Attacks Malayalis on Salem-Kochi Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com