പശുക്കടത്ത് ആരോപിച്ച് തെലങ്കാനയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 21 പേർ അറസ്റ്റിൽ
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിലെ മേഡക്കിൽ പശുക്കടത്ത് ആരോപിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 21 പേർ അറസ്റ്റിലായി.
ശനിയാഴ്ച വൈകിട്ട് പശുക്കടത്ത് ആരോപിച്ച് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ മേഡക്കിൽ വാഹനങ്ങൾ തടഞ്ഞതോടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കല്ലേറുമുണ്ടായി. ഏഴുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയും ഒരു വിഭാഗം അടിച്ചുതകർത്തു. സംഘർഷത്തെത്തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത 8 കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബിജെപി മേഡക്ക് ജില്ലാ പ്രസിഡന്റ് ഗദ്ദാം ശ്രീനിവാസ്, മേഡക്ക് ടൗൺ പ്രസിഡന്റ് എം.നയാം പ്രസാദ്, യുവമോർച്ച പ്രസിഡന്റ് എന്നിവരുൾപ്പെടെ 9 ബിജെപി നേതാക്കളും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അതേസമയം സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.