കൊലപാതകം ഷോക്ക് ഏൽപ്പിച്ചും ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചും; ദർശന്റെ കൂട്ടാളികളുടെ കാർ കണ്ടെത്തി
Mail This Article
ബെംഗളൂരു ∙ ആരാധകനായ രേണുകസ്വാമിയെ കടത്തിക്കൊണ്ടു വരാൻ നടൻ ദർശൻ തൊഗുദീപയുടെ കൂട്ടാളികൾ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. ഇയാളെ ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ഉപയോഗിച്ച കാറാണിത്. കാറിന്റെ ഡ്രൈവർ രവി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രദുർഗ അയ്യനഹള്ളിയിലെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കണ്ടെത്തിയത്. കേസിലെ നാലാം പ്രതിയും ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റുമായ രാഘവേന്ദ്രയാണു രേണുകസ്വാമിയെ ബെംഗളൂരുവിൽ എത്തിച്ചത്.
കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയും രണ്ടാം പ്രതി ദർശനും തമ്മിലുള്ള ബന്ധത്തെ എതിർത്തു സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റിട്ടതിനാണു ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33)യെ 8ന് ബെംഗളൂരു രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ ഷെഡിലെത്തിച്ച് കൊലപ്പെടുത്തി മലിനജല കനാലിൽ തള്ളിയത്. ദർശനും പവിത്രയും ഉൾപ്പെടെ 18 പേരാണ് കേസിൽ അറസ്റ്റിലായത്.
കൊന്നത് ഷോക്ക് ഏൽപ്പിച്ചും ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചും
ഷോക്ക് ഏൽപിച്ചതിന്റെയും പഴുപ്പിച്ച ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചതിന്റെയും മുറിവുകൾ രേണുക സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കുറ്റം ഏറ്റെടുക്കാൻ ദർശൻ നൽകിയ 30 ലക്ഷം രൂപ മറ്റു പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ എട്ടാം പ്രതി അനുകുമാറിന്റെ പിതാവ് ചന്ദ്രപ്പ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ നടന്ന അന്ത്യസംസ്കാരത്തിൽ പങ്കെടുക്കാനായി കോടതിയുടെ അനുമതിയോടെ അനുകുമാറിനെ പൊലീസ് ചിത്രദുർഗയിൽ എത്തിച്ചു.