എൽഎച്ച്ബി കോച്ചുകൾ അപകടമുണ്ടായാൽ ഇടിച്ചുകയറില്ല: കാഞ്ചൻജംഗയിൽ ഇപ്പോഴും ഐസിഎഫ് കോച്ചുകൾ
Mail This Article
ന്യൂഡൽഹി ∙ ബംഗാളിലെ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ച വാർത്ത പുറത്തുവരുമ്പോൾ വീണ്ടും ചർച്ചയായി ട്രെയിനുകളിലെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ അഭാവം. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായിട്ടും കാഞ്ചൻജംഗ എക്സ്പ്രസിനെ ഇപ്പോഴും എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളായി ഉയർത്തിയിട്ടില്ല. ജർമൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ എൽഎച്ച്ബി കോച്ചുകൾ വേഗം കൂടിയതും സുരക്ഷിതവുമാണ്. അപകടമുണ്ടായാൽ പരസ്പരം ഇടിച്ചുകയറില്ലെന്നതാണ് എൽഎച്ച്ബി കോച്ചുകളുടെ ഏറ്റവും പ്രധാന സവിശേഷത.
എന്നാൽ കാഞ്ചൻജംഗയിൽ ഇപ്പോഴും പരമ്പരാഗത ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകളാണുള്ളത്. 1955 മുതൽ ഉപയോഗിക്കുന്ന ഇത്തരം കോച്ചുകളിൽ അത്യാധുനിക സുരക്ഷാസംവിധാനങ്ങളില്ല.
സ്റ്റൈൻലെസ് സ്റ്റീൽ നിർമിതമായ എൽഎച്ച്ബി കോച്ചുകൾക്ക് സാധാരണ ഉരുക്കിൽ നിർമിച്ച ഐസിഎഫ് കോച്ചുകളെക്കാൾ ഉൽപാദനച്ചെലവ് കൂടുതലാണെങ്കിലും പരിപാലനച്ചെലവ് കുറവാണ്. രാജ്യത്തെ ട്രെയിനുകളെ എൽഎച്ച്ബി നിലവാരത്തിലേക്ക് ഉയർത്തണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്. പുതിയ ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകളാണെങ്കിലും കാഞ്ചൻജംഗ എക്സ്പ്രസ് ഉൾപ്പെടെയുള്ള മിക്ക ട്രെയിനുകളിലും ഇപ്പോഴും ഐസിഎഫ് കോച്ചുകളാണ്.
2015 മുതൽ ഇതുവരെ 23,000 കോച്ചുകൾ എൽഎച്ച്ബി കോച്ചുകളായി മാറ്റിയിട്ടുണ്ടെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ കണക്ക്. ഘട്ടംഘട്ടമായി പഴയ കോച്ചുകളെ പൂർണമായും എൽഎച്ച്ബി നിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് റെയിൽവേ പറയുന്നത്.