മസ്കിന്റെ ലോജിക് ശരിയെങ്കിൽ എല്ലാ ടെസ്‍ല കാറുകളും ഹാക്ക് ചെയ്യപ്പെടാം: വാക്‌പോര് തുടർന്ന് രാജീവ് ചന്ദ്രശേഖർ
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി (ഇവിഎം) ബന്ധപ്പെട്ട് ശതകോടീശ്വരൻ ഇലോൺ മസ്ക് നടത്തിയ പ്രതികരണത്തിൽ വാക്‌പോര് തുടർന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വോട്ടിങ് യന്ത്രം എങ്ങനെ ഹാക്ക് ചെയ്യാമെന്നു രാജീവ് ചന്ദ്രശേഖറിനെ പഠിപ്പിക്കാമെന്നും ഏതുതരം യന്ത്രവും ഹാക്ക് ചെയ്യാനാവുമെന്നുമാണ് മസ്ക് പറഞ്ഞത്. ഈ ലോജിക് ശരിയെങ്കിൽ മസ്കിന്റെ ഉടമസ്തതയിലുള്ള എല്ലാ ടെസ്‍ല കാറുകളും ഹാക്ക് ചെയ്യപ്പെടാമെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.
‘‘ഒരു കാൽക്കുലേറ്ററോ, ടോസ്റ്ററോ ഹാക്ക് ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ ഹാക്ക് ചെയ്യുന്ന പ്രക്രിയയ്ക്കു പരിമിധികളുണ്ട് എന്നു മനസ്സിലാക്കാം. മസ്കിന്‍റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്. ഡിജിറ്റൽ ഉപകരണങ്ങളൊന്നും ഹാക്കിങ്ങിന്റെ സാധ്യതകൾക്കു പുറത്തല്ല എന്നു പറയുമ്പോൾ ടെസ്‌ല കാറുകളും ഹാക്ക് ചെയ്യപ്പെടാം എന്നല്ലേ അർഥം’’ – ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് മന്ത്രികൂടിയായിരുന്ന രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മസ്കിന് ഇന്ത്യൻ വോട്ടിങ് യന്ത്രം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നും ഒരു മൊബൈല്‍ ഫോണോ കംപ്യുട്ടറോ പോലെ പരസ്പരം ബന്ധിപ്പിക്കാവുന്ന ഉപകരണമല്ല അതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള സാധ്യതയുള്ളതിനാൽ ഇവിഎമ്മുകള്‍ ഉപേക്ഷിക്കണമെന്ന മസ്ക് എക്സിൽ പങ്കുവച്ച കുറിപ്പാണ് വാക്‌പോരിനു തുടക്കം കുറിച്ചത്. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുന്നുവെന്ന ആരോപണം ഇന്ത്യയില്‍ നിലനിൽക്കേയാണ് മസ്കിന്റെ പ്രതികരണം വന്നത്. എന്നാൽ പ്രസ്താവന നിഷേധിച്ച രാജീവ് ചന്ദ്രശേഖർ വേണമെങ്കിൽ ഇവിഎം നിർമാണത്തിൽ മസ്കിനു പരിശീലനം നൽകാമെന്നും മറുപടി നൽകിയിരുന്നു. അമേരിക്കയിലെയോ യൂറോപ്പിലെയോ ഇവിഎമ്മുകൾ പോലെയല്ല ഇന്ത്യൻ ഇവിഎം എന്നാണ് രാജീവ് അന്ന് പ്രതികരിച്ചത്.