ADVERTISEMENT

തിരുവനന്തപുരം∙ പുതിയ പാർട്ടിയുമായി ജെഡിഎസ് കേരള ഘടകം. ജനതാദൾ(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പേര്  റജിസ്റ്റർ ചെയ്യമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ് അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ആര്‍ജെഡിയില്‍ ലയിക്കുന്നത് ആലോചനയിലില്ല. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും മാത്യു ടി.തോമസ് പറഞ്ഞു.  ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ബിജെപി ബന്ധത്തെ തുടര്‍ന്ന് സിപിഎമ്മില്‍നിന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളില്‍നിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത സമ്മര്‍ദമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. ‌ദേശീയഘടകം അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി കേന്ദ്രത്തിലെ മോദി മന്ത്രിസഭയില്‍ അംഗമായതോടെ സംസ്ഥാനഘടകം വെട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആര്‍ജെഡി നേതാവ് എം.വി.ശ്രേയാംസ് കുമാര്‍ കൂടി രംഗത്തെത്തിയതോടെ സിപിഎമ്മും ഉത്തരം പറയേണ്ട അവസ്ഥയിലായി.

ഗൗഡാ ബന്ധം വിഛേദിച്ചുവെന്നാണു കേരള നേതൃത്വം പറഞ്ഞതെങ്കിലും സാങ്കേതികമായി ദേവെഗൗഡ അധ്യക്ഷനായ പാര്‍ട്ടിയുടെ കേരളഘടകം തന്നെയാണ് ഇവിടെയുണ്ടായിരുന്നത്. കേന്ദ്രനേതൃത്വത്തിന്റെ ബിജെപി ബന്ധത്തില്‍ അതൃപ്തിയുണ്ടെങ്കിലും ഉറച്ച നിലപാട് സ്വീകരിക്കാന്‍ ഇതുവരെ സംസ്ഥാന ഘടകത്തിനു കഴഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ സി.കെ.നാണുവും എ.നീലലോഹിതദാസും പാര്‍ട്ടി വിടുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ഭീഷണി ഭയന്നാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും അന്തിമതീരുമാനം എടുക്കാത്തതെന്ന വിമര്‍ശനവും ഉയര്‍ന്നു. ഈ ഘട്ടത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി മാത്യു ടി.തോമസ് രംഗത്തെത്തിയത്.

English Summary:

JDS Kerala to Form New Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com