‘പ്രിയങ്ക മത്സരിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹം; ഇടതു പാർട്ടികളുമായി ആശയവിനിമയം നടത്തണമായിരുന്നു’
Mail This Article
കൊച്ചി ∙ പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് മുൻ മന്ത്രിയും കോൺഗ്രസ് മുൻ നേതാവുമായ കെ.വി.തോമസ്. രാഹുൽ ഗാന്ധി ഒഴിഞ്ഞ സീറ്റിൽ പ്രിയങ്ക മത്സരിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് കെ.വി.തോമസ് പറഞ്ഞു. എന്നാൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയിട്ടാണോ കോൺഗ്രസ് പ്രിയങ്ക മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത് എന്നും കെ.വി.തോമസ് ചോദിച്ചു.
പ്രിയങ്കയുടെ സ്ഥാനാർഥിത്വം മുസ്‍ലിം ലീഗിനെ അറിയിച്ച കോൺഗ്രസ് എന്തുകൊണ്ട് ഇന്ത്യ മുന്നണിയുടെ ഘടകകക്ഷികളായ ഇടതുപാർട്ടികളെ അറിയിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു. ഈ സാഹചര്യത്തിലാണ് സിപിഐ സ്ഥാനാർഥിക്ക് അവിടെ മത്സരിക്കേണ്ടി വരുന്നത്. ഇങ്ങനെയൊരു സാഹചര്യമുണ്ടാകുന്നത് കോൺഗ്രസ് ഒഴിവാക്കേണ്ടാതായിരുന്നു എന്നും കെ.വി.തോമസ് പ്രസ്താവനയിൽ പറഞ്ഞു.
‘‘കേരളത്തിൽ ഗാന്ധി കുടുംബത്തിലെ മറ്റാരേക്കാളും സ്വാധീനവും സ്വാഗതവും പ്രിയങ്കയ്ക്കുണ്ട്. എന്നാൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തെ നയിക്കുന്നത് കോൺഗ്രസാണ്. ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന്റെ ദേശീയ നേതാവായ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിന്റെ അനൗചിത്യം ഇടതുപ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അവരും ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു കൊണ്ട് ബിജെപിക്ക് എതിരായി പടപൊരുതുന്നവരാണ്’’– കെ.വി.തോമസ് പറഞ്ഞു.
രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം വയനാട്ടിലെ വോട്ടർമാരിൽ നിന്ന് മറച്ചുവച്ചു എന്നും രാജ്യത്തെ നയിക്കേണ്ട ആൾ ഇക്കാര്യത്തിൽ രാഷ്ട്രീയ സത്യസന്ധത കാട്ടിയില്ല എന്നും അദ്ദേഹം വിമർശിച്ചു. ‘‘റായ്ബറേലിയിൽ മത്സരിക്കുന്ന വിവരം അറിയിച്ചാൽ വയനാട് നഷ്ടപ്പെടുമോ എന്ന ഭീതി രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നിരിക്കാം’’– അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.സി.വേണുഗോപാല്‍ ആലപ്പുഴയിൽ വിജയിച്ച് ലോക്സഭയിൽ എത്തുമ്പോൾ രാജസ്ഥാന്റെ രാജ്യസഭാ പ്രാതിനിധ്യം നഷ്ടപ്പെടുകയും ഇവിടെ സീറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്നു. രാജ്യസഭയിലെ അംഗത്വം ബലികഴിച്ചുകൊണ്ട് ലോക്സഭയിലേക്ക് കെ.സി.വേണുഗോപാലിനെ മത്സരിപ്പിച്ചത് രാഷ്ട്രീയ ബുദ്ധിക്ക് ചേരുന്നതാണോ എന്ന് കോൺഗ്രസ് മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ‘‘രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ കോൺഗ്രസിൽ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന സാഹചര്യം ഉണ്ടാകുന്നത് അപകടകരമാണ്’’– എന്നും കെ.വി.തോമസ് അഭിപ്രായപ്പെട്ടു.