ക്രിമിനൽകേസ് പ്രതികൾക്ക് അടക്കം പാസ്പോർട്ടിന് ക്ലിയറൻസ്; അന്‍സില്‍ ഒളിവിൽ, പിടിക്കാൻ ഊർജിതശ്രമം
Mail This Article
തിരുവനന്തപുരം ∙ വ്യാജ പാസ്പോര്‍ട്ട് നിര്‍മാണ കേസില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടത്തിനും ഒത്താശ ചെയ്തതിനു സസ്പെന്‍ഷനിലായി പ്രതി ചേര്‍ക്കപ്പെട്ട, തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സില്‍ അസീസിനെ പിടികൂടാനുള്ള നീക്കം ഊര്‍ജിതമാക്കിയെന്നും അന്‍സില്‍ ഒളിവിലാണെന്നും പൊലീസ്. വെമ്പായം കന്യാകുളങ്ങര സ്വദേശിയായ അന്‍സില്‍ വ്യാജ രേഖകള്‍ക്ക് ക്ലിയറന്‍സ് നല്കി പാസ്പോര്‍ട്ട് ഓഫിസില്‍ അയയ്ക്കുകയാണ് ചെയ്തിരുന്നത്. അന്‍സില്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്നു കഴക്കൂട്ടം അസി. പൊലീസ് കമ്മിഷണര്‍ എന്‍. ബാബുക്കുട്ടന് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുമ്പ പൊലീസ് സ്റ്റേഷന് പരിധിയില്‍ അപേക്ഷിച്ച ഇരുപതോളം പാസ്പോര്‍ട്ടുകളില്‍ 13 എണ്ണത്തിലും അന്‍സില്‍ ഇടപെട്ടിട്ടുണ്ട്. മറ്റു സ്റ്റേഷനുകളില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കുപോലും തുമ്പ പൊലീസ് സ്റ്റേഷന് പരിധിയില്‍ വ്യാജവിലാസം ഉണ്ടാക്കാനും വ്യാജ വോട്ടര്‍ഐഡി കാര്‍ഡ് നിര്‍മിച്ചു നല്‍കാനും അന്‍സില്‍ ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആരെങ്കിലും വിദേശത്തേക്കു പോയോ എന്നും മനുഷ്യക്കടത്തുമായി ഇതിനു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നേരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്പോര്‍ട്ട് വെരിഫിക്കേഷന് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അന്‍സില്‍ അന്ന് വെരിഫിക്കേഷന് ചെയ്ത പാസ്പോര്‍ട്ടുകളും പരിശോധിക്കും. അന്‍സില്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ വാങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫിസില്‍ ഹാജരാക്കിയ രേഖകള്‍ തുമ്പ പൊലീസ് പരിശോധിച്ചപ്പോഴാണ് അവ തെറ്റാണെന്നു കണ്ടെത്തിയത്.
കഴക്കൂട്ടം അസി. കമ്മിഷണറെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 6 പേര് അറസ്റ്റിലായത്. ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കടക്കം പാസ്പോര്‍ട്ട് ലഭിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കിയിട്ടുണ്ട്. കൊല്ലം പുത്തേഴത്ത് കിഴക്കേത്തറയില്‍ സഫറുള്ള ഖാന് (54), കൊല്ലം ഉമയനല്ലൂര്‍ അല്‍ത്താഫ് മന്‍സിലില്‍ മൊയ്ദീന് കുഞ്ഞ് (65), മലയിന്‍കീഴ് സ്വദേശി കമലേഷ് (39), കുളത്തൂര്‍ മണ്‍വിള സ്വദേശി പ്രശാന്ത് (40), വര്‍ക്കല കണ്ണമ്പ നാദത്തില്‍ സുനില്‍കുമാര്‍ (60), വട്ടപ്പാറ ആനി വില്ലയില്‍ എഡ്വേഡ് (62) തുടങ്ങിയവരാണ് അറസ്റ്റിലായത്.
മരിച്ച ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഉപയോഗിച്ച് 12 പേര്‍ക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കിയത് കമലേഷ് ആണ്. രാജ്യം വിട്ട ഗുണ്ടകള്‍ അടക്കമുള്ളവര്‍ക്ക് ഇപ്രകാരം വ്യാജ രേഖകള്‍ ഉപയോഗിച്ചു പാസ്പോര്‍ട്ട് നിര്‍മിച്ചു നല്കി എന്നാണു കണ്ടെത്തല്‍. കമലേഷ് ഉണ്ടാക്കി നല്കുന്ന വ്യാജ രേഖകള്‍ക്ക് ക്ലിയറന്‍സ് നേടിക്കൊടുത്തത് അന്‍സിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനായി വന്‍തുക ഇരുവരും കൈപ്പറ്റിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് ഉണ്ടാക്കി നല്കാന് അന്‍സിലിനു പണം കൊടുത്തതിനാണ് മണ്‍വിള സ്വദേശി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. തുമ്പ സ്റ്റേഷന് പരിധിയില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനു പോകുന്ന അന്‍സില്‍ അസീസ്, കമലേഷ് നിര്‍മിച്ചു നല്കിയ വ്യാജ രേഖകള്‍ക്ക് ക്ലിയറന്‍സ് നല്കി പാസ്പോര്‍ട്ട് ഓഫിസില്‍ അയയ്ക്കുകയായിരുന്നു പതിവ്. ഇയാളുടെ പങ്കിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിടിയിലായ സഫറുള്ളാഖാനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ അന്‍സില്‍ അസീസിനു പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.