2 കോടി തട്ടിയെന്ന് ആരോപണം, 8 വർഷമായി ദർശന്റെ മുൻ മാനേജർ കാണാമറയത്ത്; ദുരൂഹത
Mail This Article
ബെംഗളൂരു∙ കൊലപാതക കേസിൽ അറസ്റ്റിലായ പ്രമുഖ കന്നട നടൻ ദർശൻ തൊഗുദീപ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമ്പോൾ, ദർശന്റെ മുൻ മാനേജറുടെ തിരോധാനവും ചർച്ചയാകുന്നു. മാനേജറായിരുന്ന മല്ലികാർജുനെ 2016ലാണ് കാണാതായത്. ദർശന്റെ നിലവിലെ മാനേജർ ശ്രീധറെ കഴിഞ്ഞ ദിവസം ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെയാണ് ദർശന്റെ നിർദേശപ്രകാരം അക്രമിസംഘം കൊലപ്പെടുത്തിയത്. കേസിൽ പവിത്രയെയും അറസ്റ്റു ചെയ്തിരുന്നു.
ദർശന്റെ സിനിമാ സംബന്ധമായ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് മല്ലികാർജുനായിരുന്നു. ചലച്ചിത്ര നിർമാണ, വിതരണ മേഖലയിലും സജീവമായിരുന്നു. 2016ൽ കാണാതാകുമ്പോൾ വലിയ സാമ്പത്തിക ബാധ്യത മല്ലികാർജുനുണ്ടായിരുന്നു. ചില സിനിമകളുടെ നിർമാണം ബാധ്യതയുണ്ടാക്കി. ദർശനിൽ നിന്ന് മല്ലികാർജുൻ രണ്ടു കോടി രൂപ തട്ടിയെടുത്തതായും ആരോപണമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളും കടവുമാണ് തിരോധാനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളുയർത്തുന്നത്.
ദർശന്റെ മാനേജർ ശ്രീധറെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
സുഹൃത്തായ പവിത്രയ്ക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്.