വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ പരിശോധനയിൽ അട്ടിമറി; പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു
Mail This Article
തിരുവല്ല∙ പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല കോട്ടാലിൽ ലോക്കൽ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎൻഎ പരിശോധനയിൽ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. വനിതാ നേതാവിന് ലഹരി നൽകി നഗ്ന വിഡിയോ ചിത്രീകരിച്ചെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. പാർട്ടിയില്‍നിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്.
2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം സജിമോന്‍ ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയിൽ കൃത്രിമം നടത്താൻ സഹായിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. സജിമോനെതിരെ പാർട്ടി നടപടിയെടുത്തു. രണ്ടു വർഷത്തിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തി. 2022ൽ വനിതാ നേതാവിന്റെ നഗ്ന വിഡിയോ പ്രചരിപ്പിച്ചതായി പരാതിയുയർന്നു. അന്വേഷണത്തിനുശേഷം പാർട്ടി പുറത്താക്കി. കൺട്രോൾ കമ്മിഷന്റെ തീരുമാനപ്രകാരമാണ് ഇപ്പോൾ തിരിച്ചെടുക്കുന്നത്.