പെരിയാറിൽ മത്സ്യക്കുരുതി: അമോണിയയുടെയും സൾഫൈഡിന്റെയും അമിത സാന്നിധ്യം കണ്ടെത്തി
Mail This Article
കൊച്ചി ∙പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസവസ്തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്ട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷിച്ച കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് രാസമാലിന്യങ്ങൾ ഒഴുകിയതാവാം ദുരന്തത്തിന് കാരണമെന്നാണ് സൂചനകള്‍.
അതേസമയം, പാതാളം ബണ്ട് തുറന്നതിനു പിന്നാലെ വെള്ളത്തിൽ അടിഞ്ഞ മാലിന്യങ്ങൾ താഴേക്ക് ഒഴുകുകയും ഇതുമൂലം വെള്ളത്തിലെ ഓക്സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഏറ്റവാങ്ങുകയും ചെയ്തിരുന്നു.
മത്സ്യങ്ങൾ ചത്തുപൊങ്ങിയത് ഓക്സിജന്റെ അളവ് കുറഞ്ഞതാണെന്നാണ് കുഫോസ് റിപ്പോർട്ടും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും പറയുന്നത്. എന്നാൽ എങ്ങനെയാണ് ഓക്സിജന്‍ അളവ് കുറഞ്ഞത് എന്ന കാര്യത്തിലാണ് 2 റിപ്പോർട്ടുകളും വ്യത്യസ്തമാകുന്നത്. രാസമാലിന്യങ്ങള്‍ കലർന്നിട്ടാണ് മീനുകൾ ചത്തു പൊങ്ങിയത് എന്നാണ് വെള്ളത്തിന്റെ സാംപിളിൽ നിന്നും കുഫോസ് കണ്ടെത്തിയിരുന്നത്. ഇത് തന്നെയാണ് മീനുകളുടെ പരിശോധനയിലും ശരിവച്ചിട്ടുള്ളത്.
മത്സ്യസാംപിളുകളിൽ ഹെവി മെറ്റലുകളുടെ അംശവും കണ്ടെത്തിയെങ്കിലും അവ മരണകാരണമാകാൻ മാത്രം കണ്ടെത്തിയിട്ടില്ല എന്ന് കുഫോസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പെരിയാറിന്റെ കരയിലെ വ്യവസായ സ്ഥാപനങ്ങളിൽ രാസമാലിന്യങ്ങളാണ് വെള്ളത്തിൽ കലർന്നിട്ടുള്ളതെന്നും എന്നാൽ തങ്ങളല്ല അക്കാര്യം പരിശോധിക്കേണ്ടതെന്നും കുഫോസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞിരുന്നത് ബണ്ട് തുറന്നതാണ് ഓക്സിജൻ അളവ് കുറയാൻ കാരണമെന്നാണ്. 13.5 കോടി രൂപയുടെ നഷ്ടമാണ് മത്സ്യക്കുരുതി മൂലം ഉണ്ടായിരിക്കുന്നത്. മീനുകൾ ചത്തുപൊങ്ങിയതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യവസായ ശാലകളിൽ പരിശോധന നടത്തിയിരുന്നു.