പുട്ടിൻ ഉത്തര കൊറിയയിൽ; കിമ്മുമായി തന്ത്രപ്രധാന ചർച്ചകൾ, ആശങ്കയിൽ ലോകം
Mail This Article
സോൾ∙ 24 വർഷത്തിനു ശേഷം ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഇവർ ചർച്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിനുമൊപ്പമാണ് പുട്ടിൻ ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ എത്തിയത്.
പാശ്ചാത്യ ലോകത്തോടുള്ള ഇരുനേതാക്കളുടെയും സമീപനത്തിന്റെ പശ്ചാത്തലത്തിൽ പുട്ടിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ കൈമാറ്റത്തെ യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. എന്നാൽ ആയുധ കൈമാറ്റം നടന്നിട്ടില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചത്. ഉത്തരകൊറിയയുമായി ആയുധക്കരാറിൽ ഏർപ്പെടാൻ യുഎന്നിന്റെ വിലക്കുള്ളതാണ്.
2023 സെപ്റ്റംബറിൽ കിം റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു. റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവ മുങ്ങിക്കപ്പലും ലക്ഷ്യമിട്ടായിരുന്നു കിമ്മിന്റെ സന്ദർശനം. യുക്രെയ്നിൽ റഷ്യക്ക് ലഭ്യതക്കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകുമെന്നും അന്ന് റിപ്പോർട്ടുണ്ടായിരുന്നു. കിമ്മിന്റെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.
യുക്രെയ്ൻ അധിനിവേശത്തിന് ശേഷം വിരളമായാണ് പുട്ടിൻ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകനേതാവിന് ഉത്തര കൊറിയയും ആതിഥ്യമരുളുന്നത്. 2000 ജൂലൈയിലാണ് പുട്ടിൻ ഇതിനുമുൻപ് തലസ്ഥാനമായ പ്യോങ്യാങ് സന്ദർശിച്ചത്. റഷ്യൻ പ്രസിഡന്റായി പുട്ടിൻ ആദ്യമായി അധികാരത്തിലെത്തിയ വർഷമായിരുന്നു ഇത്. അന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഇൽ ആയിരുന്നു.