എഎപിയുടെ പടനായകൻ തിരിച്ചെത്തി; തിഹാറിൽ നിന്ന് കേജ്രിവാൾ വരുമ്പോൾ മോദി വിറയ്ക്കുമോ?
Mail This Article
ഇന്ത്യയിലെ അഴിമതിമാലിന്യം തൂത്തുവാരാൻ കച്ചകെട്ടിയ പുത്തൻ നേതാവ് 3 മാസത്തോളം നീണ്ട ജയിൽവാസത്തിനു ശേഷം പുറത്തേക്ക് വരികയാണ്. അഴിമതി എന്നു കേട്ടാൽ ദേഷ്യം ഇരച്ചുകയറിയിരുന്ന അരവിന്ദ് കേജ്‍രിവാളിന് ഇത്രനാൾ അഴിമതിക്കേസിൽ ജയിലിലായിരുന്നു എന്ന ദുഷ്പേര് മായ്ക്കുകയെന്നതാണ് മുഖ്യദൗത്യം. രാജ്യത്തെ രാഷ്ട്രീയം ഇതിനിടെ മാറിമറിഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനു മൂന്നാമതും ഭരണത്തുടർച്ചയുണ്ടായി; ഒപ്പം കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യത്തിനു ശക്തിയും കൈവന്നു. കരുത്തുകൂടിയ സ്വന്തം എൻഡിഎ മുന്നണിയെയും വലിയ പ്രതിപക്ഷത്തെയും ഒരുപോലെ നേരിടേണ്ട അവസ്ഥയിലാണു ബിജെപിയും മോദിയും. ഈ കളത്തിലേക്കാണു പ്രതിപക്ഷത്തിന്റെ കുന്തമുനയാകാൻ കേജ്‍രിവാളിന്റെ രംഗപ്രവേശം.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജൂൺ 21നു 3 മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി കേജ്‍രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തേ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറച്ചുദിവസം ജാമ്യത്തിലിറിങ്ങിയിരുന്നു. അന്നു സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം ലഭിച്ച കേജ്‌രിവാൾ കൊളുത്തിവിട്ട കൊടുങ്കാറ്റ് പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ കാര്യമായി പ്രഹരിച്ചിരുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കു സീറ്റുകൾ ഗണ്യമായി കുറഞ്ഞതിന്റെ ക്രെഡിറ്റ് കേജ്‍രിവാളിനു കൂടിയുള്ളതാണ്. ജൂൺ രണ്ടിന് അദ്ദേഹം തിരികെ ജയിലിൽ പ്രവേശിച്ചു. ജാമ്യം കിട്ടിയ കേജ്‍രിവാൾ വെള്ളിയാഴ്ച ജയിൽമോചിതനായേക്കും. മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയെയും (എഎപി) കേജ്‌രിവാളിനെയും പ്രതിചേർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യമായാണു രാഷ്ട്രീയ പാർട്ടിയും നിലവിലെ മുഖ്യമന്ത്രിയും പ്രതിചേർക്കപ്പെട്ടതെന്നതും ചരിത്രം. തിഹാർ ജയിലിന് അകത്തേക്കു കയറിയ മുഖ്യമന്ത്രിയായല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെയും ഇന്ത്യാസഖ്യത്തിന്റെയും അമരക്കാരനായാണു കേജ്‌രിവാൾ പുറത്തിറങ്ങുന്നത്. കേജ്‌രിവാൾ ജയിലിൽ കിടന്ന നാളുകളിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭാര്യ സുനിത കേജ്‌രിവാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി. ബിജെപിക്കെതിരെ എഎപിയും ഇന്ത്യാ മുന്നണിയും കേജ്‌രിവാളിന്റെ അറസ്റ്റും ജയിൽവാസവും മൂർച്ചയേറിയ പ്രചാരണായുധമാക്കി. കേജ്‌രിവാൾ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തെ മുൻനിർത്തി ഇന്ത്യാസഖ്യത്തിന്റെ റാലികളും നടന്നു.
∙ മസൂറിയിൽനിന്ന് ഇന്ത്യൻ മനസ്സിലേക്ക്
ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എപ്പോഴും കയ്യിൽ പിടിച്ചുനടക്കുന്ന ചെറുപ്പക്കാരനായിരുന്നു മസൂറിയിലെ അക്കാദമിയിൽ കേജ്‌രിവാൾ. 1995ൽ ഇന്ത്യൻ റവന്യു സർവീസിൽ ചേർന്നു. മസൂറിയിൽ ഒപ്പമുണ്ടായിരുന്ന ഐആർഎസ് ഉദ്യോഗസ്‌ഥ സുനിതയെ ജീവിതസഖിയാക്കി. സാധാരണക്കാരുടെ മനമറിഞ്ഞു വിത്തെറിയാനും വിളവെടുക്കാനും വൈഭവമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ‘നല്ലൊരു ജോലി’ ഉപേക്ഷിച്ചു രാഷ്ട്രീയത്തിലിറങ്ങി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ കേജ്‌രിവാൾ സാധാരണക്കാരന്റെ (ആം ആദ്‌മി) പാർട്ടി എന്ന പേരുമായി രാഷ്‌ട്രീയത്തിന്റെ നട്ടും ബോൾട്ടും അഴിച്ചു പണിയുകയെന്ന ലക്ഷ്യത്തോടെ 2012ൽ ആം ആദ്‌മി പാർട്ടി രൂപീകരിച്ചു. ഐഐടി ബുദ്ധിയും സൈബർ തന്ത്രങ്ങളും കൊണ്ടു രാജ്യത്തിന്റെ ചെറുപ്പത്തെ വലിച്ചടുപ്പിച്ചു. ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്‌ഥാനത്തു രാഷ്‌ട്രീയ വിസ്‌ഫോടനം സൃഷ്‌ടിച്ച് ആം ആദ്മിയും കേജ്‍രിവാളും വരവറിയിച്ചു.
മറാത്തയിലെ ഗ്രാമത്തലവൻ അണ്ണാ ഹസാരെയെ രണ്ടാംഗാന്ധിയെന്നു വിശേഷിപ്പിച്ചാണു പൊതുരംഗത്ത് കേജ്‍രിവാൾ പ്രത്യക്ഷനായത്. ഹസാരെയുടെ നിരാഹാര സമരത്തിന്റെ അരങ്ങും അണിയറയും കയ്യടക്കി ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും നയിക്കാനുമുള്ള ഊർജതന്ത്രം സ്വന്തമാക്കി. രണ്ടു ദശാബ്ദത്തിലേറെയായി ഡൽഹിയിൽ അധികാരത്തിനു പുറത്തുനിൽക്കുകയാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആഞ്ഞുശ്രമിച്ചിട്ടും ഡൽഹി കിട്ടിയിരുന്നില്ല. അതിന് ഒറ്റ ഉത്തരമേയുള്ളൂ– കേജ്‍രിവാൾ. ‘പ്രവർത്തിക്കുന്ന സർക്കാർ’ എന്ന പ്രതിച്ഛായ സൂക്ഷിച്ചാണ് എഎപി കളത്തിലിറങ്ങിയത്. പല പ്രമുഖ നേതാക്കളും വിട്ടുപോയിട്ടും പലരും അറസ്റ്റിലായിട്ടും പാർട്ടിയിൽ പടലപിണക്കങ്ങൾ ഉണ്ടായിട്ടും കേജ്‌രിവാൾ സർക്കാരിന്റെ ജനപ്രീതി ഇടിഞ്ഞില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തും, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തെ പിന്തുണച്ചും, കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ശുദ്ധജലവും നൽകിയുമാണു പ്രായോഗിക രാഷ്ട്രീയക്കാരനായി കേജ്‍രിവാൾ നിലയുറപ്പിച്ചത്.
∙ 75 വയസ്സ് പറഞ്ഞ് മോദിയെ വിറപ്പിക്കുമോ?
75 വയസ്സ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നും അനുമാനിച്ച് പൊതുതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചകൾ വഴിതിരിച്ചുവിട്ട കുശാഗ്രബുദ്ധിക്കാരനാണു കേജ്‌രിവാൾ. രാജ്യം നാലാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുമ്പോഴാണ്, ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ആദ്യ യോഗത്തിൽതന്നെ കേജ്‌രിവാൾ കളം നിറഞ്ഞത്. ജയിച്ചാലും മോദി അടുത്ത വർഷം വരെ മാത്രമേ പ്രധാനമന്ത്രി പദത്തിലുണ്ടാകൂവെന്നും മോദി വോട്ടു തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണെന്നും കേജ്‌രിവാൾ പറഞ്ഞു. അതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതായും ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയെന്നതും കേജ്‌രിവാളിന്റെ വാക്കുകളുടെ മൂർച്ചയ്ക്കുള്ള തെളിവായി.
ബിജെപിയുടെ ഭരണഘടനയിൽ 75 വയസ്സെന്ന പരിധിയില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്. മോദി കാലാവധി പൂർത്തിയാക്കുമെന്നും ഭാവിയിലും അദ്ദേഹം തന്നെ ഇന്ത്യയെ നയിക്കുമെന്നും അമിത് ഷാ മറുപടി നൽകി. ‘‘മോദിക്ക് അടുത്ത വർഷം സെപ്റ്റംബർ 17ന് 75 വയസ്സ് തികയും. 75 വയസ്സു പിന്നിട്ടവർ ഒഴിയണമെന്ന വ്യവസ്ഥ അദ്ദേഹംതന്നെ 2014 ൽ കൊണ്ടുവന്നു. എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ എന്നിവരെല്ലാം ഈ രീതിയിൽ വിരമിച്ചു. അദ്ദേഹം അടുത്ത വർഷം വിരമിക്കും. അമിത് ഷായ്ക്കു വേണ്ടിയാണ് അദ്ദേഹം വോട്ടുതേടുന്നത്. മോദി നൽകുന്ന ഗാരന്റികൾ അമിത് ഷായ്ക്കു പൂർത്തിയാക്കാൻ കഴിയുമോ?’’ എന്നായിരുന്നു കേജ്‍രിവാളിന്റെ ചോദ്യം. 2014ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ മോദിക്കെതിരെ വാരാണസിയിൽ തിരഞ്ഞെടുപ്പു പോരിനിറങ്ങി രാഷ്ട്രീയത്തിലെ പരിചിത വഴികളിൽനിന്നു മാറിനടന്നിട്ടുമുണ്ട് കേജ്രിവാൾ.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കേജ്‍രിവാളിന്റെ സാന്നിധ്യം എഎപിക്ക് കരുത്താകും. ഡൽഹിയിൽ എഎപിയുടെ മുൻനിര സ്ഥാപക നേതാക്കളായ കേജ്‌രിവാളും മനീഷ് സിസോദിയയും ജയിലിലായതോടെ സംഘടനാ സംവിധാനം മരവിച്ചിരുന്നു. ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമായി മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി 7 സീറ്റിൽ നാലെണ്ണത്തിലാണു സ്ഥാനാർഥിയെ നിർത്തിയത്. 2019ലെ 18.2 ശതമാനത്തിൽനിന്ന് 2024ൽ 24.14 ശതമാനമായി പാർട്ടി വോട്ടുവിഹിതം വർധിപ്പിച്ചെങ്കിലും സീറ്റൊന്നും നേടിയില്ല. മുൻ തിരഞ്ഞെടുപ്പിൽ നേടിയ 7 സീറ്റും ബിജെപി നിലനിർത്തി. സഹതാപ തരംഗം കൊണ്ടുമാത്രം ജയിക്കാനാവില്ലെന്നു എഎപി തിരിച്ചറിഞ്ഞു. പഞ്ചാബിൽ പക്ഷേ പാർട്ടിക്കു സീറ്റ് കൂടി. പ്രതിപക്ഷസംഖ്യത്തിനൊപ്പം നിർണായക തീരുമാനങ്ങളെടുക്കുന്നതിൽ കേജ്‌രിവാളിന്റെ അസാന്നിധ്യം എഎപിയെ വിഷമത്തിലാക്കിയിരുന്നു. ഇടവേളയ്ക്കു ശേഷം പടനായകനെ കിട്ടിയ സന്തോഷത്തിലും ആവേശത്തിലുമാണ് എഎപിയും അണികളും.