ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരത്തിനു കാരണം ധനവിനിയോഗത്തിലെ പാളിച്ചയെന്നു സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ക്ഷേമപെന്‍ഷന്‍ വിതരണം ഉള്‍പ്പെടെ അടിസ്ഥാനവര്‍ഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നു ചില നേതാക്കള്‍ പറഞ്ഞു. കേന്ദ്രം അര്‍ഹമായ ആനൂകൂല്യങ്ങള്‍ തരാത്തതു മൂലമാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെങ്കിലും അതു ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്താനായില്ല.

ഭരണവിരുദ്ധ വികാരം സംബന്ധിച്ച് വിമര്‍ശനങ്ങളുടെ മുന മുഖ്യമന്ത്രിയിലേക്കു നീളുന്നതിനിടെയാണ് ധനമന്ത്രിക്കെതിരെയും വിമര്‍ശനം ഉയരുന്നത് എന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പല പരാതികളും തനിക്കു ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കിയ വെല്ലുവിളികള്‍ തിരിച്ചറിയാനും ഫലപ്രദമായി ചെറുക്കാനും സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിഭാഗീയതയുടെ പോരുകാലം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം പിണറായി വിജയനെ ലക്ഷ്യം വച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്ന അപൂര്‍വതയ്ക്കാണ് സിപിഎം നേതൃയോഗങ്ങള്‍ ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. പാര്‍ട്ടി പിണറായിയുടെ പൂര്‍ണ നിയന്ത്രണത്തിലായതിനു ശേഷം ഒരുപക്ഷേ ആദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍ ഇത്തരമൊരു അനുഭവം അദ്ദേഹത്തിനു നേരിടേണ്ടിവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെങ്കിലും പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയും ശ്രദ്ധിക്കണം എന്ന തരത്തിലാണു പല നേതാക്കളും നിലപാട് വ്യക്തമാക്കിയത്. 

ഭരണ ദൗര്‍ബല്യങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കം കൂട്ടിയെന്ന പാര്‍ട്ടിയുടെ വിലയിരുത്തല്‍ മുഖ്യമന്ത്രിയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാനമായ തിരിച്ചടി നേരിട്ടുവെങ്കിലും അന്ന് ശബരിമല യുവതീപ്രവേശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ പിണറായി വിജയനു ലഭിച്ചിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലാതെ പൂര്‍ണമായും രാഷ്ട്രീയപോരാട്ടം നടന്ന ഇക്കുറി ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതാണ് പാര്‍ട്ടി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നത്. നിരാശാജനകമായ തോല്‍വിയില്‍ ഭരണപരമായ പോരായ്മകളും പരിശോധിക്കണമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് ഭരണത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ പാര്‍ട്ടിയുടെ കൈകളില്‍ വേണമെന്ന നിലപാടാണ് പല നേതാക്കളും ഉയര്‍ത്തുന്നത്. 

പാര്‍ട്ടിക്ക് അടിത്തറിയായിരുന്ന ഈഴവ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നഷ്ടമായെന്നും ആറ്റിങ്ങല്‍, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ അടിസ്ഥാന വോട്ടുകള്‍ പോലും ചോര്‍ന്നെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതും വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത് പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന അടിസ്ഥാന വര്‍ഗത്തെ എതിരാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മുസ്‍ലിം ലീഗിനെ ഒപ്പം നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെ ഒരു വിഭാഗത്തിന്റെയെങ്കിലും പിന്തുണ നേടാനായി പാര്‍ട്ടി കിണഞ്ഞു ശ്രമിച്ചതും വിഫലമായെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ന്യൂനപക്ഷ പ്രീണനത്തിന് സിപിഎം ശ്രമിക്കുന്നവെന്ന തരത്തില്‍ എതിരാളികള്‍ നടത്തിയ പ്രചാരണം മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ സംശയത്തിനിടയാക്കി. ഇതും ബിജെപിയിലേക്കു വോട്ടൊഴുകാന്‍ കാരണമാക്കിയതായി വിലയിരുത്തലുണ്ട്. 

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നവകേരള സദസ് സംഘടിപ്പിച്ചെങ്കിലും വിപരീത ഫലമാണ് ഉണ്ടാക്കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കു ലഭിച്ച ജനപിന്തുണ കണ്ട് അതിന്റെ വികൃത അനുകരണത്തിനാണു ശ്രമിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ജനസമ്പര്‍ക്ക പരിപാടി പോലെ വലിയ തോതില്‍ പരാതികള്‍ പരിഹരിക്കപ്പെടും എന്ന് ജനങ്ങള്‍ ചിന്തിച്ചെങ്കിലും അതുണ്ടായില്ല. ലക്ഷങ്ങള്‍ മുടക്കിയുള്ള ധൂര്‍ത്ത് എന്ന പ്രതിപക്ഷ വിമര്‍ശനം വേണ്ട രീതയില്‍ പ്രതിരോധിക്കാനും കഴിയാതിരുന്നതു തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയത് കേന്ദ്രത്തിലെ മോദി വിരുദ്ധ വികാരം കൊണ്ടാണെന്നാണു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെ തിരുത്തി രംഗത്തെത്തുന്ന കാഴ്ചയാണുണ്ടായത്. വോട്ട് ചോരാനുള്ള കാരണം കണ്ടെത്തി തിരുത്തി മുന്നോട്ടു പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും എത്രത്തോളം തിരുത്താന്‍ പാര്‍ട്ടിക്കു കഴിയും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

English Summary:

Criticism against Pinarayi Vijayan within the CPM after many years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com