വടകരയിലെ ‘കാഫിർ’ പ്രയോഗം: ഫെയ്സ്ബുക്കിന് വീണ്ടും നോട്ടിസയച്ച് പൊലീസ്
Mail This Article
കോഴിക്കോട്∙ വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ ഫെയ്ബുക്കിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. കാഫിർ പ്രചാരണം നടത്തിയ അക്കൗണ്ടുകളുടെ വിവരം ആവശ്യപ്പെട്ടാണ് ഇന്നലെ നോട്ടിസ് അയച്ചത്. മുൻപ് ഇതേകാര്യം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചെങ്കിലും ഫെയ്ബുക്കിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതേത്തുടർന്ന് ഫെയ്സ്ബുക്ക് നോഡൽ ഓഫിസറെ കേസിൽ പ്രതിചേർത്തിരുന്നു.
‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് കാഫിർ പ്രയോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതേ പോസ്റ്റ് പിന്നീട് മുൻ എംഎൽഎ കെ.കെ.ലതിക ഉൾപ്പെടെ ഷെയർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ് ചോദ്യം ചെയ്തു. ലതികയെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
സദുദ്ദേശപരമായാണ് ലതിക പ്രവർത്തിച്ചതെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ലതികയും മറ്റു സിപിഎം നേതാക്കളും പ്രവർത്തകരും എക്കാലവും മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നവരാണെന്ന് നാടിനാകെ ബോധ്യമുള്ളതാണെന്നും പ്രസ്താവനയിൽ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന്റെ അനുകൂലികൾ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ചതായാണ് പ്രചരണം നടത്തിയത്.