ADVERTISEMENT

പട്ന∙ നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ സിക്കന്ദർ യാദവേന്ദു ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ പഴ്‌സനൽ സെക്രട്ടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) നടത്തുന്ന അന്വേഷണത്തിൽ ദാനാപൂർ മുൻസിപ്പൽ കമ്മിറ്റിയിലെ ജൂനിയർ എൻജിനീയറായ സിക്കന്ദർ യാദവേന്ദുവാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രധാന പ്രതിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

‘‘തേജസ്വി യാദവിന്റെ പിഎസ് പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണ് സിക്കന്ദർ യാദവേന്ദു. തേജസ്വി യാദവിന്റെ നിർദ്ദേശപ്രകാരം ഏതൊക്കെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ എന്റെ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ആർജെഡിയുടെ മുഴുവൻ സംവിധാനവും കുറ്റകൃത്യത്തിലും അഴിമതിയിലും അധിഷ്ഠിതമാണ്.’’ – വിജയ് കുമാർ സിൻഹ പറഞ്ഞു.

മേയ് 5ന് നടന്ന പരീക്ഷയുടെ ചോദ്യ പേപ്പർ ഒരു ദിവസം മുൻപ് മേയ് 4ന് ചോർന്നുവെന്നാണ് ഇഒയുവിന്റെ കണ്ടെത്തൽ. അറസ്റ്റിലായ സിക്കന്ദർ യാദവേന്ദു തന്റെ ഭാര്യാ സഹോദരിയുടെ മകനെയും മറ്റു പല ഉദ്യോഗാർഥികളെയും ചോദ്യപേപ്പർ മുൻകൂട്ടി നൽകി ഉത്തരങ്ങൾ മനഃപാഠമാക്കാൻ പ്രേരിപ്പിച്ചതായും ഇഒയു കണ്ടെത്തി. മേയ് അഞ്ചിന് സിക്കന്ദറിന്റെ സഹോദരിയെ എൻഎച്ച്എഐ ഗസ്റ്റ് ഹൗസിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ ഗസ്റ്റ് ഹൗസിൽ നിന്ന് ഒഎംആർ ഷീറ്റും കണ്ടെത്തി. ഗസ്റ്റ് ഹൗസിലെ റജിസ്റ്ററിൽ റീനയുടെ മകൻ അനുരാഗിന്റെ പേരും, അതിനോട് ചേർന്ന് മന്ത്രിജി എന്നും എഴുതിയിരുന്നു.

സമസ്തിപൂർ നിവാസിയാണ് സിക്കന്ദർ. റാഞ്ചിയിൽ കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. 2012ൽ ജൂനിയർ എൻജിനീയറായി. 3 കോടി രൂപയുടെ എൽഇഡി അഴിമതിക്കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

English Summary:

NEET Paper Leak: Bihar Deputy Chief Minister Draws Link To Tejashwi Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com