‘സിപിഎമ്മുകാർ രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തി, നാട്ടിലും ഒറ്റപ്പെടുന്നു; ഞാൻ ആക്രമിക്കപ്പെട്ടേക്കാം’
Mail This Article
കണ്ണൂർ∙ ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിന് സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്ന് തലശ്ശേരി എരഞ്ഞോളി സ്വദേശി എം.സീന. ഇന്നലെ രാത്രി വീട്ടിലെത്തിയാണു സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയതെന്നും നിരന്തരം ഭീഷണിയുണ്ടെന്നും താൻ ആക്രമിക്കപ്പെട്ടേക്കാമെന്നും സീന മനോരമ ഓൺലൈനോടു പറഞ്ഞു.
∙ ഇന്നലത്തെ തുറന്നുപറച്ചിലിനുശേഷം ഭീഷണിയുണ്ടോ?
നിരന്തരം ഭീഷണിയുണ്ട്. ആക്രമിക്കപ്പെട്ടേക്കാം. ഇന്നലെ സിപിഎമ്മുകാർ വീട്ടിൽ വന്നിരുന്നു. തുറന്നുപറച്ചിലോടെ നാട്ടിൽ ഒറ്റപ്പെടാൻ തുടങ്ങി.
∙ വീട്ടിൽ വന്ന സിപിഎമ്മുകാർ എന്താണ് പറഞ്ഞത്?
എനിക്കു പറഞ്ഞ് മനസ്സിലാക്കി കൊടുക്കെന്നാണ് അമ്മയോടു പറഞ്ഞത്. ഞാൻ പറഞ്ഞാൽ അവൾ കേൾക്കില്ലെന്ന് അമ്മ പറഞ്ഞു.
∙ അപ്പോൾ അവർ എന്തു പറഞ്ഞു?
അവർ ഒന്നും മിണ്ടാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി.
∙ അറിയാവുന്നവരാണോ വന്നത്?
അതെ. എനിക്കറിയാവുന്ന പ്രാദേശിക നേതാക്കളാണ്.
∙ ഭീഷണിയുടെ സ്വരത്തിലാണോ ഇതു പറഞ്ഞത്?
അവർ അത്രയും പറഞ്ഞാൽ മതിയല്ലോ. ഞാൻ ഇവിടെ വളർന്നതല്ലേ. എനിക്കറിയില്ലേ.
∙ കണ്ണൂർ ബോംബു നിര്മാണത്തിന്റെ കേന്ദ്രമാണെന്ന് എന്ത് ധൈര്യത്തിലാണു സീന മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്?
എനിക്കു വേണ്ടിയല്ല ഞാൻ ഒന്നും പറഞ്ഞത്. ഇവിടത്തെ കുഞ്ഞുമക്കൾക്കു വേണ്ടിയാണ്. അവർക്കു ഭയമില്ലാതെ ഓടിക്കളിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ്.
∙ തുറന്നു പറച്ചിൽ നടത്തുമ്പോൾ വരുംവരായ്കളൊക്കെ ഓർത്തിരുന്നോ?
അതേ. എല്ലാം ആലോചിച്ച് ഉറപ്പിച്ചാണു പറഞ്ഞത്.
∙ സീനയ്ക്ക് രാഷ്ട്രീയമുണ്ടോ?
ഇല്ല
∙ ബോംബ് നിർമാണം നടക്കുന്നത് കണ്ടിട്ടുണ്ടെന്നാണല്ലോ പറഞ്ഞത്. ശരിക്കും അവിടെ എന്താണ് സംഭവിക്കുന്നത്?
എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ ഇന്നലെ പറഞ്ഞതാണ്. ബോംബ് പൊട്ടിമരിക്കാൻ ആഗ്രഹമില്ല. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണ്. ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞു നശിപ്പിക്കും. ഭയമില്ലാതെ ഇവിടെ ജീവിക്കണം. സഹികെട്ടാണു പറഞ്ഞത്.
∙ വീട്ടുകാർ എന്തു പറയുന്നു?
അമ്മയ്ക്കും അച്ഛനുമൊക്കെ ഭയമുണ്ട്. എനിക്കു ഭയമില്ല. ഇന്നലെ സിപിഎമ്മുകാർ വന്നുപോയശേഷം ഓരോ അഞ്ചു മിനിറ്റിലും അമ്മ എന്നെ അന്വേഷിക്കും.
∙ ഷാഫി പറമ്പിൽ എന്താണ് പറഞ്ഞത്?
അന്വേഷിച്ച് നടപടയെടുക്കാമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിൽ പ്രതീക്ഷയുണ്ട്.