തിരുവനന്തപുരം– ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്നാട്; യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു
Mail This Article
തിരുവനന്തപുരം∙ തമിഴ്നാട്ടിലൂടെയുള്ള അന്തർസംസ്ഥാന ബസ് യാത്ര പ്രശ്നം രൂക്ഷമാകുന്നു. തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്ക് പോയ ബസുകൾ ഇന്നലെ അർധരാത്രി തമിഴ്നാട് തടഞ്ഞു. വൺ ഇന്ത്യ വൺ ടാക്സിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം.
അർധരാത്രി യാത്രക്കാരെ ബസിൽനിന്ന് ഇറക്കിവിട്ടു. തമിഴ്നാട് നാഗർകോവിൽ ഭാഗത്തായാണ് ബസ് തടഞ്ഞത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാനാണ് തമിഴ്നാട് എംവിഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്‍റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ പറയുന്നു. വൺ ഇന്ത്യ വൺ ടാക്സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇതു തമിഴ്നാട് മോട്ടർ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം.
തമിഴ്നാട്ടിൽ റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് ബസുകൾ അതിര്‍ത്തികളിൽ തഞ്ഞിട്ടതായുള്ള വാര്‍ത്തയെത്തിയത്.