ADVERTISEMENT

ബെംഗളൂരു∙ പ്രമുഖ കന്നട നടന്‍ ദർശൻ തൊഗുദീപയും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെട്ട കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രോസിക്യൂഷൻ‌. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം നടത്താൻ ദർശനെ പ്രകോപിപ്പിച്ചതും, കൃത്യം ആസൂത്രണം ചെയ്തതും പവിത്രയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പവിത്രയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിനാണ് രേണുകസ്വാമിയെ ദർശന്റെ നിർദേശപ്രകാരം അനുയായികൾ കൊലപ്പെടുത്തിയത്. ദർശനും പവിത്രയും ജയിലിലാണ്.

തന്റെ അനുയായികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയശേഷം, ദർശൻ അവരിൽ ചിലരെ കീഴടങ്ങാൻ പ്രേരിപ്പിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ദർശന്റെ അടക്കം 8 പേരുടെ പൊലീസ് കസ്റ്റഡി ആവശ്യപ്പെടുമ്പോഴാണ്, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രക പവിത്രയാണെന്ന് വ്യക്തമായതായി പ്രോസിക്യൂഷൻ അറിയിച്ചത്. ദർശനും പ്രതികളിൽ മൂന്നു പേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ദർശന്റെ വീട്ടിൽനിന്ന് 37.4 ലക്ഷം രൂപയും ഭാര്യയുടെ വീട്ടിൽനിന്ന് 3 ലക്ഷം രൂപയും ബുധനാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു. ഈ പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊലപാതകത്തിനുശേഷം പൊലീസിൽ കീഴടങ്ങാന്‍ വിനയ്, ദീപക് എന്നിവര്‍ക്ക് 5 ലക്ഷം രൂപ ദർശൻ നൽകി. ഈ തുക കേശവമൂർത്തി എന്നയാൾക്ക് കൈമാറി. തന്റെ സുഹൃത്തിന് പണം നൽകിയതായാണ് കേശവമൂർത്തി പറഞ്ഞത്. ഈ പണം കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തായ പവിത്രയ്ക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. 

English Summary:

Prosecution Reveals Pavitra Gowda Masterminded Renukaswamy Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com