ADVERTISEMENT

കൊച്ചി ∙ കാറിന്റെ പെട്രോൾ ടാങ്ക് നിറയാൻ സ്ഥിരം അടിക്കുന്ന അളവിനേക്കാൾ ആറേഴ് ലീറ്റർ കൂടുതൽ വേണ്ടി വന്നാൽ കാറുടമസ്ഥൻ എന്തു ചെയ്യും? പറ്റിക്കപ്പെട്ടു എന്നു സ്വാഭാവികമായി തോന്നുകയും പരാതി കൊടുക്കുകയും ചെയ്യും. കൊച്ചി സ്വദേശിയായ കാറുടമയും പരാതി നൽകി. തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണു പരാതിയെന്നു മനസിലാക്കി എണ്ണക്കമ്പനിയും രംഗത്തു വന്നു. പമ്പുടമയും കൂടി ചേർന്നതോടെ അസാധാരണമായ ഒരു ‘പരീക്ഷണ’മാണ് കൊച്ചിയിൽ നടന്നത്.

ഈ മാസം ഏഴിന് തന്റെ 2018 മോഡൽ ഫോക്സ്‍വാഗൻ പോളോ കാറുമായി പെട്രോൾ അടിക്കാൻ എത്തിയതാണു കൊച്ചി സ്വദേശിയായ ദീപേഷ് ബാബു. വർഷങ്ങളായി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെമ്പുമുക്കിലുള്ള പമ്പിൽ നിന്നാണു പെട്രോളടിക്കുന്നത്. ഫുൾ ടാങ്ക് അടിക്കുന്നതാണു രീതി. കാർ കമ്പനി പറഞ്ഞിരിക്കുന്നതു വാഹനത്തിന്റെ ഇന്ധന കപ്പാസിറ്റി 45 ലീറ്റർ എന്നാണ്. എന്നാൽ അന്ന് ഒരു അത്ഭുതം സംഭവിച്ചു; ഫുൾ ടാങ്ക് അടിച്ചപ്പോൾ കയറിയത് 53 ലീറ്റർ.

‘‘45 ലീറ്റർ ആണ് സാധാരണ കട്ട് ഓഫ് ആയി വരാറുള്ളത്. അതുകഴിഞ്ഞിട്ടും പെട്രോൾ അടിച്ചുകൊണ്ടിരുന്നു. 53 ലിറ്റർ ആയപ്പോഴാണ് ടാങ്ക് നിറഞ്ഞത്. രണ്ടോ മൂന്നോ ലീറ്റർ അങ്ങോട്ടും ഇങ്ങോട്ടും മാറ്റം വരാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം. 2007 മുതൽ സ്ഥിരമായി പെട്രോൾ അടിക്കുന്ന പമ്പാണ്. സ്വാഭാവികമായും ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണ്. ഞാനിത് അവരുടെ ഷോറൂമിൽ റിപ്പോർട്ട് ചെയ്തു. പമ്പിന്റെ ഉടമസ്ഥനോടും പറഞ്ഞു. പിന്നീടാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ ബന്ധപ്പെടുന്നതും ഒരുമിച്ച് പരിശോധന നടത്താമെന്ന് അറിയിക്കുന്നതും.’’ – ദീപേഷ് പറഞ്ഞു. 

താൻ പറ്റിക്കപ്പെട്ടോ എന്ന് അറിയേണ്ടതുണ്ടായിരുന്നു എന്ന് ദീപേഷ് പറഞ്ഞു. അതുപോലെ തങ്ങളുടെ വിശ്വാസ്യത നിലനിർത്തേണ്ടത് ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും ആവശ്യമായിരുന്നു. അങ്ങനെ കാറുടമ ദീപേഷ്, പമ്പ് മാനേജർ ഷാലു, ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ഉദ്യോഗസ്ഥൻ ഡാൽബിൻ ക്രിസ്റ്റഫർ എന്നിവർ ഒരു വാഹന വർക്‌ഷോപ്പിലെത്തി. വാഹനത്തിലെ പെട്രോൾ മുഴുവൻ നീക്കം ചെയ്തതിനു ശേഷം ലീഗൽ മെട്രോളജി വകുപ്പ് സാക്ഷ്യപ്പെടുത്തിയ 5 ലീറ്റർ കന്നാസ് ഉപയോഗിച്ച് വാഹനത്തിന്റെ ഇന്ധന ടാങ്ക് നിറച്ചു തുടങ്ങി. അത് എത്തി നിന്നത് 57.83 ലീറ്റർ പെട്രോൾ നിറഞ്ഞപ്പോഴാണ്. ആരും ആരേയും പറ്റിക്കുകയോ വിശ്വാസ്യത ഇല്ലാതാവുകയോ ചെയ്തില്ല എന്ന ആശ്വാസത്തോടെ മൂവരും കൈകൊടുത്തു പിരി‍യുകയും ചെയ്തു.

45 ലീറ്റർ ടാങ്ക് കപ്പാസിറ്റി എന്ന് നിർമാണ കമ്പനി തന്നെ പറഞ്ഞിരിക്കുന്ന കാറിൽ 57 ലീറ്റർ കൊള്ളുമോ? ചില കാറുകൾക്ക് ഇത്തരത്തിൽ 6–7 ലീറ്ററൊക്കെ കൂടുതലായി അടിക്കാൻ സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. സുരക്ഷിതം എന്നത് കട്ട്ഓഫ് ആയി കാറിന്റെ നിർമാതാക്കൾ പറഞ്ഞിരിക്കുന്ന അളവാണ് എന്നും ഇവർ പറയുന്നു.

‘‘ഓട്ടോ കട്ട്ഓഫ് വരെയാണ് സാധാരണ ഫുൾടാങ്ക് പെട്രോള്‍ അടിക്കാറുള്ളത്. അവിടെ എത്തുമ്പോൾ നോസിൽ ഉള്ള സെൻസർ ആക്ടിവേറ്റ് ആയി തന്നെ കട്ട് ഓഫ് ആകും. ഇതു കഴിഞ്ഞും അടിച്ചാൽ 3–4 ലീറ്റർ കൂടി ടാങ്കിൽ കൊണ്ടേക്കും. എന്നാൽ ഓട്ടോ കട്ട്ഓഫിൽ നിർത്തുന്നതാണ് എപ്പോഴും നല്ലത്.’’–  വാഹന സാങ്കേതിക വിദഗ്ധനായ ശങ്കരൻകുട്ടി നായർ പറയുന്നു. 

പെട്രോൾ അടിക്കുന്ന ഭാഗത്തുനിന്നും ടാങ്ക് വരെ ഒരു പൈപ്പ് പോകുന്നുണ്ട്. ഇതിലൊക്കെ റിസർവ് കണക്കിൽ പെട്രോൾ കിടക്കാറുണ്ട്. അതുപോലെ ടാങ്കിന്റെ നിർമാണം അനുസരിച്ചും ടാങ്ക് കപ്പാസിറ്റി വ്യത്യാസപ്പെടാം. സാധാരണഗതിയില്‍ ഇത് കാറിൽ ഉപയോഗിക്കാനുള്ള പെട്രോൾ ആയി കണക്കാക്കാറില്ല. കാർ നിർമാതാക്കൾ ഇത് ഉൾപ്പെടുത്തിയല്ല ആക്ച്വൽ ടാങ്ക് കപ്പാസിറ്റി പറയുക എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിലുള്ള മുഴുവൻ ഇന്ധനവും ഊറ്റിയെടുത്ത ശേഷം നിറച്ചതുകൊണ്ടായിരിക്കാം ദീപേഷിന്റെ വാഹനത്തിൽ 57 ലീറ്റർ വരെ കൊണ്ടത് എന്നാണ് വിദഗ്ധർ പറയുന്നത്. കൊച്ചിയിലെ ഫോക്സ്‍വാഗൻ പ്രതിനിധികൾ പറയുന്നതും 45 ലീറ്റർ ടാങ്ക് കപ്പാസിറ്റി നിറയ്ക്കുന്നതാണു സുരക്ഷിതം എന്നാണ്. അതിൽ കൂടുതലാണെങ്കിൽ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും അവർ പറയുന്നു. 

English Summary:

Volkswagen car fuel tank problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com