വീണ്ടും കറുപ്പണിഞ്ഞ് ഇപിഎസും കൂട്ടരും; തോൽവിയിൽനിന്ന് കരകയറാൻ വിഷമദ്യ ദുരന്തം ആയുധമാക്കി അണ്ണാ ഡിഎംകെ
Mail This Article
ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ അണ്ണാ ഡിഎംകെ നേതൃത്വത്തിനെതിരെ വൻതോതിൽ വിമത സ്വരമുയരുന്നതിനിടെയാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തമുണ്ടായത്. താൻ ഉൾപ്പെടുന്ന പാർട്ടി നേതൃത്വത്തിനെതിരെ വലിയ രീതിയിൽ വിമത നീക്കമുണ്ടാകുന്നതിനിടെ, വീണുകിട്ടിയ അവസരം മുതലാക്കുകയാണ് പ്രതിപക്ഷ നേതാവ് കൂടിയായ എടപ്പാടി പളനിസ്വാമി. മദ്യദുരന്തത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെ എംഎൽഎമാർ നിയസഭ പ്രക്ഷുബ്ധമാക്കി.
കറുത്ത വസ്ത്രം അണിഞ്ഞാണ് എംഎൽഎമാർ സഭയിലെത്തിയത്. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം അടിന്തരമായി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ എം.അപ്പാവു നിരാകരിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘നോ ടു ഡ്രഗ്സ്, നോ ടു ഡിഎംകെ’ എന്ന കാംപയിൻ എടപ്പാടി പളനിസ്വാമി ആരംഭിച്ചിരുന്നങ്കിലും തിരഞ്ഞെടുപ്പിൽ അതൊന്നും വേണ്ടത്ര പ്രതിഫലിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വിഷമദ്യ ദുരന്തത്തിൽ 50 പേരുടെ ജീവനെടുത്ത സംഭവം തമിഴ്നാടിനെ ആശങ്കയിലാക്കിയത്. കഴിഞ്ഞ വർഷം വിഴുപ്പുരത്തുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ അലയൊലികൾ അടങ്ങും മുൻപുണ്ടായ മറ്റൊരു ദുരന്തം സ്റ്റാലിൻ സർക്കാരിനെയും എക്സൈസ് വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുകയാണ്.
തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയും ബിജെപിയുമായി തെറ്റിപ്പിരിഞ്ഞതും തന്റെ ഭാവിയെ തുലാസിലാക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് ഒരു തിരിച്ചുവരവിന് എടപ്പാടി പളനിസ്വാമി ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, പുറത്താക്കപ്പെട്ട നേതാക്കളായ വി.കെ.ശശികലയും മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവവും ഇപിഎസിനെതിരെ രംഗത്തു വരുകയും പാർട്ടിയിൽ ഐക്യമെന്ന മുദ്രാവാക്യം മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.
ഇതിനെ പ്രതിരോധിക്കാൻ ഇപിഎസ് പാടുപെടുന്ന ഘട്ടത്തിലാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തെ മുൻ നിർത്തി സ്റ്റാലിൻ സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ആഞ്ഞടിക്കാനുള്ള ശ്രമം. എംജിആറും ജയലളിതയും നയിച്ച പാർട്ടിയുടെ തിരിച്ചുവരവ് എങ്ങനെയായിരിക്കുമെന്നു കൂടി കാത്തിരിക്കുകയാണ് തമിഴകം.