ADVERTISEMENT

അമരാവതി∙ ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പുതിയ ആരോപണം. രുഷികൊണ്ടയിലെ ആഡംബര സൗധത്തിന്റെ നിർമാണവും അതിനു പിന്നാലെയുണ്ടായ വിവാദത്തിനും പുറമെയാണ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗൻ മോഹൻ റെഡ്ഡിക്ക് ഉണ്ടായിരുന്ന സുരക്ഷാ സംവിധാനത്തെ കുറിച്ചും ടിഡിപി പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജഗൻ സെക്യൂരിറ്റി സ്കാം എന്ന ഹാഷ്‌‌ടാഗ് തലക്കെട്ടിൽ വലിയ ക്യാംപെയിനു തന്നെയാണു സമൂഹമാധ്യമങ്ങളിൽ ടിഡിപി തുടക്കം കുറിച്ചിരിക്കുന്നത്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മുഖ്യമന്ത്രിയായിരുന്ന ജഗന്റെ സുരക്ഷയ്ക്കു വേണ്ടി മാത്രമായി 986 സുരക്ഷാ ഉദ്യോഗസ്ഥരെയാണു സുരക്ഷാ സംഘത്തിൽ സ്ഥിരമായി നിയമിച്ചിരുന്നത്. സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പ് (എസ്‌എസ്‌ജി) എന്ന സുരക്ഷാ സംഘത്തിൽ മാത്രം 379 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. 24 മണിക്കൂറും ജഗന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷയായിരുന്നു ഈ സംഘത്തിന്റെ ചുമതല.

അതുകൊണ്ടും തീരുന്നില്ല ജഗന്റ സുരക്ഷാ സംഘത്തിന്റെ പെരുമ. ആന്ധ്രാ പൊലീസിന്റെ കമാൻഡോ വിഭാഗത്തിൽനിന്നും ഒക്ടോപസ് കമാൻഡോ വിഭാഗത്തിൽനിന്നുമായി 439 സുരക്ഷാ ഉദ്യോഗസ്ഥരും ടാഡേപ്പള്ളിയിലെ ജഗന്റെ വസതിയിൽ സദാ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരുന്നു.

ഇതിനു പുറമെ ഹൈദരാബാദിലെ ജഗന്റെ ലോട്ടസ് പോണ്ട് വസതിയിൽ 9 പേരും ഇടുപുലപ്പായയിലെ വസതിയിൽ 33 പേരും പുലിവേന്ദുലയിലെ വസതിയിൽ 10 പേരും സ്ഥിരമായി സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരുന്നതായാണു റിപ്പോർട്ട്. അതായത് 2 ബറ്റാലിയൻ പൊലീസിനോ 15 കമ്പനി പൊലീസിനോ തുല്യമായ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജഗന്റെയും കുടുംബത്തിന്റെയും ദൈനംദിന സുരക്ഷക്കായി നിയോഗിച്ചിരുന്നതെന്നു ചുരുക്കം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്കാണ് ഇത്രയും പറഞ്ഞതെങ്കിൽ ജഗന്റെ ഔദ്യോഗിക വസതിക്ക് ഉണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങൾ കൂടി കേട്ടാൽ തലയിൽ കൈവച്ചു പോകും. ഏഴു തലങ്ങളുണ്ടായിരുന്ന സുരക്ഷാ സംവിധാനത്തിൽ, നൂതന ബൂം ബാരിയറുകൾ, ടയർ കില്ലറുകൾ, അതിസുരക്ഷാ റിട്രാക്ടബിൽ ഗേറ്റുകൾ എന്നിവയും ഉണ്ടായിരുന്നു. ഇതിനു പുറമേ 48 അധിക ചെക്ക് പോയിന്റുകളും ഔദ്യോഗിക വസതിയിലേക്കുള്ള വഴിയിൽ സ്ഥാപിച്ചു. വസതിക്കു കവചം തീർക്കാൻ 30 അടി ഉയരമുള്ള ഇരുമ്പ് ഭിത്തിയും സുരക്ഷാ സംഘം ഒരുക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കു മേൽനോട്ടം വഹിക്കാൻ അഡീഷനൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ഗുണ്ടൂരിൽനിന്നുള്ള രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പ്രത്യേകം ഇവിടെ നിയോഗിച്ചിരുന്നുവെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

English Summary:

Fresh Accusations by TDP Regarding Jagan Mohan Reddy’s CM Tenure Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com