പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പരിഹരിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും, റിപ്പോർട്ട് ജൂലൈ അഞ്ചിനകം സമർപ്പിക്കണം
Mail This Article
തിരുവനന്തപുരം∙ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസറുമാണ് സമിതി അംഗങ്ങൾ. ജൂലൈ അഞ്ചിനകം റിപ്പോർട്ട് നൽകണം. പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക ബാച്ച് അനുവദിക്കാനും തീരുമാനിച്ചു. ബാച്ച് വർധനയെന്ന ആവശ്യം സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. ഇടതുപക്ഷ വിദ്യാർഥി സംഘടനകളടക്കം പ്രതിഷേധവുമായി എത്തിയതോടെയാണ് പ്രശ്നപരിഹാരത്തിനായി മന്ത്രി യോഗം വിളിച്ചത്.
കുറവുള്ള സീറ്റുകളുടെ എണ്ണം സപ്ലിമെന്ററി അലോട്ട്മെന്റോടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് പ്രതിസന്ധിയുള്ള മലപ്പുറം ജില്ലയിലെ 7 താലൂക്കുകളിൽ സയൻസ് ബാച്ച് അധികമുണ്ട്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് സീറ്റുകള്‍ കുറവാണ്. സയൻസിന് 4431 സീറ്റുകൾ കൂടുതലാണ്. ഹ്യുമാനിറ്റീസിന് 3816 സീറ്റുകളും കൊമേഴ്സിന് 3405 സീറ്റുകളും കുറവാണ്. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നത് ജൂലൈ 2 മുതൽ 5 വരെയാണ്. 8– ാം തീയതിയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. സീറ്റിന്റെ കുറവ് നികത്താൻ അധിക ബാച്ച് അനുവദിക്കണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കും. അലോട്ട്മെന്റ് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ കഴിയുമോ എന്നും പരിശോധിക്കും. എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും. ക്ലാസ് നഷ്ടമായ വിദ്യാർഥികൾക്ക് ബ്രിജ് ക്ലാസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു. 7478 സീറ്റുകളുടെ കുറവാണുള്ളതെന്നും ആവശ്യമെങ്കില്‍ അധിക താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ബാച്ച് അനുവദിക്കുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അധികബാച്ച് സര്‍ക്കാര്‍ മേഖലയില്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളുവെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മന്ത്രി അംഗീകരിച്ചെന്നും ആര്‍ഷോ പറഞ്ഞു.
സീറ്റ് പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്ക്ക് എടുക്കുന്നുവെന്ന് കെഎസ്‌യു അറിയിച്ചു. സമരം നിര്‍ത്തുന്നതു സംബന്ധിച്ച് യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും. സീറ്റ് കുറവുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചത് സ്വാഗതാര്‍ഹമാണെന്നും കെഎസ്‌യു വ്യക്തമാക്കി. സീറ്റ് ക്ഷാമം തീര്‍ക്കാന്‍ സ്ഥിരം പരിഹാരം വേണമെന്നും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.