കേരളാ ബാങ്കിനെ ‘സി’ ക്ലാസിലേക്ക് തരംതാഴ്ത്തി; 25 ലക്ഷത്തിനു മുകളിൽ വ്യക്തിഗത വായ്പ നൽകരുത്, തിരിച്ചടി
Mail This Article
തിരുവനന്തപുരം∙ കേരളാ ബാങ്കിനെ ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്. വായ്പാ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്കു മുകളില്‍ വ്യക്തിഗത വായ്പ നൽകാൻ പാടില്ലെന്നാണ് നിര്‍ദേശം. നല്‍കിയ വായ്പകള്‍ ഘട്ടംഘട്ടമായി തിരിച്ചു പിടിക്കണം. വായ്പാ നിയന്ത്രണത്തില്‍ വിവിധ ശാഖകള്‍ക്കു ബാങ്ക് കത്തയച്ചിട്ടുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് നടപടി.
ഇടപാടില്‍ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാകും. കേരളാ ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങള്‍ വിലയിരുത്താൻ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റി നബാര്‍ഡാണ്. ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തില്‍ കൂടുതലായത് കേരളാ ബാങ്കിന് തിരിച്ചടിയായി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പ വഴി കിട്ടാക്കടവും കൂടിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണത്തിന് ബാങ്ക് തയാറായില്ല.
ബാങ്കിന്റെ വ്യക്തിഗത വായ്പാ പരിധി 40 ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി കുറയ്ക്കുന്നതു സംബന്ധിച്ച് എല്ലാ റീജനല്‍ മാനേജര്‍മാര്‍ക്കും സിപിസി മേധാവികള്‍ക്കും അയച്ച കത്തിലാണ് നബാര്‍ഡ് ഇന്‍സ്‌പെക്ഷന്‍ പ്രകാരം ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ നിലവിലെ 'ബി' കാറ്റഗറിയില്‍നിന്ന് 'സി' കാറ്റഗറിയിലേക്കു മാറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം അനുവദിക്കാവുന്ന വ്യക്തിഗത വായ്പയുടെ പരിധി 25 ലക്ഷം രൂപയാണെന്നു വ്യക്തമാക്കുന്നു. 25 ലക്ഷത്തിനു മുകളില്‍ വിതരണം ചെയ്തിട്ടുള്ള വ്യക്തിഗത വായ്പകളും ക്യാഷ് ക്രെഡിറ്റുകളും ഇനി മുതല്‍ ചട്ടലംഘനമാകുമെന്നതിനാല്‍ ഇതിന്റെ പരിധി ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരണമെന്നു സര്‍ക്കുലറില്‍ പറയുന്നു.