മുൻഗണന നൽകേണ്ടത് അങ്കമാലി–എരുമേലി പാതയ്ക്ക്: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അബ്ദുറഹിമാൻ
Mail This Article
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു. ‘‘ചെങ്ങന്നൂർ – പമ്പ റെയിൽപ്പാത വനമേഖലയിലൂടെ 19 കിലോമീറ്റർ സഞ്ചരിക്കാതെ പമ്പയിലെത്തില്ല. വനം മന്ത്രാലയത്തിന്റെ അനുമതി ഇതിന് ആവശ്യമാണ്. അങ്കമാലി – എരുമേലി പാത ആദ്യം പമ്പയിലേക്കു തന്നെയാണു റെയിൽവേ ശുപാർശ ചെയ്തിരുന്നത്. വനം മന്ത്രാലയത്തിന്റെ എതിർപ്പ് മൂലം എരുമേലി വരെയാക്കിയതാണ്. വനം മന്ത്രാലയം അനുമതി നൽകിയാൽ ഈ പാതയും പമ്പ വരെ നീട്ടാം.
ശബരി പാതയുടെ അലൈൻമെന്റ് കേരള സർക്കാർ അംഗീകരിച്ചതാണ്. അങ്കമാലി മുതൽ രാമപുരം വരെ (70 കിമീ) ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയതാണ്. അങ്കമാലി–പമ്പ (എരുമേലി വഴി) 145 കിലോമീറ്ററും അങ്കമാലി–പമ്പ (െചങ്ങന്നൂർ) വഴി 201 കിലോമീറ്ററുമാണ്. 56 കിലോമീറ്റർ തീർഥാടകർ അധികമായി സഞ്ചരിക്കണം. ശബരിമല തീർഥാടകരിൽ ഏറിയ പങ്കും പാലക്കാട് വഴി യാത്ര ചെയ്യുന്നതിനാൽ അങ്കമാലി–എരുമേലി പാതയ്ക്കാണു മുൻഗണന നൽകേണ്ടത്. ചെങ്ങന്നൂർ–പമ്പ പാത ശബരിമല തീർഥാടകർക്ക് ഏറെ പ്രാധാന്യമുള്ള എരുമേലിയിൽ എത്തില്ല. ചെങ്ങന്നൂർ പാത പമ്പയിൽ അവസാനിക്കുന്നതിനാൽ ശബരിമല തീർഥാടന കാലയളവിൽ മാത്രമാണു യാത്രക്കാരുണ്ടാകുക. ഇടയ്ക്കു വലിയ പട്ടണങ്ങളോ വാണിജ്യ കേന്ദ്രങ്ങളോ ഇല്ല.
അങ്കമാലി–എരുമേലി ശബരി പാത കേരളത്തിന്റെ മൂന്നാം റെയിൽ ഇടനാഴിയായി മാറ്റാൻ കഴിയുന്ന പദ്ധതിയാണ്. എരുമേലിയിൽ നിന്നു പുനലൂരിലേക്കും അവിടെ നിന്നു തിരുവനന്തപുരത്തേക്കും പാത നീട്ടാൻ കഴിയും. ഇതു വഴി തമിഴ്നാട്ടിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കും റെയിൽ കണക്ടിവിറ്റി ലഭിക്കും. 1997–98 കാലയളവിൽ പ്രഖ്യാപിച്ച ശബരി പദ്ധതി നടപ്പാക്കാത്തതു മൂലം ഭൂവുടമകൾ 25 വർഷമായി കഷ്ടപ്പെടുകയാണ്. 50,000 ജനസംഖ്യയുള്ള പട്ടണമാണ് തൊടുപുഴ. ശബരി പാത തൊടുപുഴയെയും ഇടുക്കി ജില്ലയെയും രാജ്യത്തെ റെയിൽവേ ഭൂപടത്തിൽ എത്തിക്കും.
ചെങ്ങന്നൂർ–പമ്പ പാതയ്ക്കു ചെലവ് ഏകദേശം 9000 കോടി രൂപയും അങ്കമാലി–എരുമേലി ശബരി പാതയ്ക്കു 3810 കോടി രൂപയുമാണു പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ചെലവ്. ശബരി പാത 14 പട്ടണങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാക്കും. ശബരി പദ്ധതി മരവിപ്പിച്ച തീരുമാനം പിൻവലിച്ചു പദ്ധതി നടപ്പാക്കാൻ കേന്ദ്രം തയാറാകണം’’ – മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.