ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ കുപ്രസിദ്ധമായ പോസ്റ്റൽ അഴിമതിക്കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ, ആരോപണം ഉന്നയിച്ചവരുടെ മാപ്പപേക്ഷ തള്ളിക്കളയുകയാണ് അന്നു കുറ്റം ചുമത്തപ്പെട്ട് ജയിലടയ്ക്കപ്പെട്ട ഇന്ത്യൻ വംശജയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ സബ് പോസ്റ്റ് മിസ്ട്രസുമായിരുന്ന സീമ മിശ്ര. മാപ്പപേക്ഷിക്കേണ്ടതു തന്നോടല്ലെന്നും ജയിലിൽ അടയ്ക്കുമ്പോൾ തന്റെ വയറ്റിൽ രണ്ടു മാസം പ്രായമുണ്ടായിരുന്ന ഇളയ മകനോടാണെന്നും സീമ കൂട്ടിച്ചേർത്തു. ഒരു വ്യാഴവട്ടത്തിനുശേഷം, കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്കു കടക്കുമ്പോൾ, ഋഷി സുനക് സർക്കാരിനു കൂടി കയ്യടിക്കുകയാണു യുകെയിലെ ഇന്ത്യൻ സമൂഹം.  2021 ൽ സീമ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ യുകെ കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു.

1999 ൽ യുകെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനായി ജപ്പാനിലെ ഫുജിട്സു കമ്പനി നിർമിച്ച ഹൊറൈസൻ എന്ന  അക്കൗണ്ടിങ് സോഫ്റ്റ്‌വെയറായിരുന്നു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. പലപ്പോഴും, നൽകുന്ന കണക്കിനേക്കാൾ വലിയ തുകയാണ് സോഫ്റ്റ്‌വെയറിൽ പെരുപ്പിച്ചു കാണിക്കപ്പെട്ടത്. ഇതോടെ സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ചിരുന്ന സീമ മിശ്രയെ പോലുള്ള നൂറുകണക്കിനു പോസ്റ്റൽ ജീവനക്കാർക്കു നേരെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽനിന്നു തന്നെ അഴിമതി ആരോപണങ്ങൾ ഉയർന്നു. സോഫ്റ്റ്‌‍വെയറിനു പിഴവില്ലെന്നും ജീവനക്കാരാണ് പണം നഷ്ടമായതിന് ഉത്തരവാദികളെന്നുമായിരുന്നു പോസ്റ്റൽ വകുപ്പിന്റെ വാദം. 

രണ്ടു മാസം ഗർഭിണിയായിരിക്കെയാണു 2009 ൽ സീമ മിശ്ര കേസിൽപ്പെട്ടു ജയിലിലായത്. 75,000 ബ്രിട്ടിഷ് പൗണ്ടിന്റെ (2009 ലെ വിനിമയനിരക്കനുസരിച്ച് ഏകദേശം 56 ലക്ഷം ഇന്ത്യൻ രൂപ) അഴിമതിയാരോപണമാണു സീമയ്ക്കു നേരിടേണ്ടി വന്നത്. സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്നും താൻ  നിരപരാധിയാണെന്നും കോടതിയിൽ കേണപേക്ഷിച്ചെങ്കിലും സീമയെ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ബ്രോൺസ് ഫീൽഡ് ജയിലിൽ അടയ്ക്കുകയായിരുന്നു. നാലര മാസം സീമയ്ക്കു ജയിലിൽ കഴിയേണ്ടി വന്നു. ജയിൽമോചിതയായി വൈകാതെ തന്നെ സീമാ തന്റെ ഇളയ മകനു ജന്മം നൽകി. സീമയുൾപ്പടെ 900 ലേറെ പോസ്റ്റ് ഓഫിസ് ജീവനക്കാരാണ് അന്നു കേസിൽ അകപ്പെട്ടത്. 

പിന്നീടു നിയമയുദ്ധത്തിന്റെ കാലമായിരുന്നു സീമയ്ക്ക്. വൈകാതെ ഹൊറൈസൻ സോഫ്റ്റ്‌വെയറിന്റെ തകരാർ ആണ് പ്രശ്നങ്ങൾക്കു കാരണമെന്നു കണ്ടെത്തി. ഇതോടെയാണു സോഫ്റ്റ്‌വെയറിന്റെ നിർമാതാക്കളായ ഫുജിറ്റ്സുവിന്റെ എൻജിനീയർ ഗാരത് ജെൻകിൻസും അന്നത്തെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ എംഡിയായിരുന്ന ഡേവിഡ് സ്മിത്തും സീമയോടു മാപ്പപേക്ഷിച്ചത്. എന്നാൽ ഒരു വ്യാഴവട്ടത്തിനു ശേഷമുള്ള മാപ്പപേക്ഷ തള്ളിക്കളയുകയാണ് സീമ.

കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്ന് സുനക് ഈ വർഷമാദ്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ഇങ്ങനെ പ്രതിചേർക്കപ്പെട്ടവർക്കെതിരായ കേസുകൾ റദ്ദാക്കുന്ന ബിൽ പാർലമെന്റ് പാസാക്കുകയും ചെയ്തു.

English Summary:

Seema Mishra Rejects Apologies in UK's Largest Postal Corruption Scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com