കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായിക്ക് 1.75 ലക്ഷം ഓണറേറിയം; ഓഫിസ് ചെലവും അനുവദിച്ചു
Mail This Article
തിരുവനന്തപുരം∙ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിക്ക് ഓണറേറിയവും ഓഫിസ് ചെലവും അനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപയാണ് ഓണറേറിയം. ഓഫിസ് ചെലവായി 25,000 രൂപയും അനുവദിച്ചിട്ടുണ്ട്. കലാമണ്ഡലം റജിസ്ട്രാറുടെ അപേക്ഷപ്രകാരമാണ് നടപടിയെന്ന് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചത്. ചാന്‍സലറുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വിവാദമുണ്ടായിരുന്നു. പദവിയില്‍ തുടരാന്‍ മല്ലിക സാരാഭായിക്ക് 3 ലക്ഷം രൂപ പ്രതിമാസ പ്രതിഫലം നല്‍കാന്‍ നീക്കമെന്ന വിവരം ചോര്‍ന്നതുമായി ബന്ധപ്പെട്ടു ഭരണസമിതി അംഗവും സിപിഎം സഹയാത്രികനുമായ ഡോ. എന്‍.ആര്‍.ഗ്രാമപ്രകാശിനെതിരെ നടപടിയെടുത്തിരുന്നു. പ്രതിഫലം നല്‍കാനുള്ള നീക്കത്തെ സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. പ്രതിഫലത്തിനായി കത്തു നല്‍കിയെന്നതു മല്ലികാ സാരാഭായി നിഷേധിക്കുകയും ചെയ്തിരുന്നു.
വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും പ്രാവീണ്യമുള്ള അവര്‍ നടി, നാടകകൃത്ത്, സംവിധായിക എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സാമൂഹിക ഇടപെടലുകളിലൂടെ ആക്ടിവിസ്റ്റ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. അഹമ്മദാബാദില്‍ മല്ലികയുടെ മേല്‍നോട്ടത്തിലുള്ള ദര്‍പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സും പ്രശസ്തമാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുള്ള അവര്‍ക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മൃണാളിനി സാരാഭായി പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്.