ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി; ജന്മനാട്ടിലേക്ക് മടങ്ങാൻ അനുവാദം
Mail This Article
സിഡ്നി/ വാഷിങ്ടൻ∙ വിക്കീലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി. യുഎസുമായുള്ള ധാരണപ്രകാരം ചാരക്കുറ്റം സമ്മതിച്ച അസാൻജിനെ യുഎസ് കോടതി മൂന്നു മണിക്കൂർ വിചാരണ ചെയ്തശേഷം ജന്മനാടായ ഓസ്ട്രേലിയയിലേക്കു മടങ്ങാൻ അനുവദിക്കുകയായിരുന്നു.
ബ്രിട്ടനിലെ ബെൽമാർഷ് ജയിലിലെ കുടുസ്സുമുറിയിൽ കഴിച്ചുകൂട്ടിയ 1901 രാപകലുകളുടെ ഇരുട്ടിൽനിന്നും ഏകാന്തതയിൽനിന്നും ജൂലിയൻ അസാൻജ് തിങ്കളാഴ്ച പുറത്തിറങ്ങിയിരുന്നു. പലവിധ ആരോപണങ്ങളിൽ, സൈനിക രഹസ്യരേഖകൾ കൈക്കലാക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രം സമ്മതിച്ച് യുഎസുമായി ധാരണയിലെത്തിയതോടെയാണു തിങ്കളാഴ്ച അദ്ദേഹത്തിന്റെ ജയിൽമോചനം സാധ്യമായത്.
യുഎസിൽ ചെല്ലാൻ വിസമ്മതിച്ച അസാൻജിന്റെ നിലപാടു മാനിച്ച്, പസിഫിക് സമുദ്രത്തിലെ കോമൺവെൽത്ത് പ്രദേശമായ നോർത്തേൺ മരിയാന ദ്വീപസമൂഹങ്ങളിലുള്ള സൈപനിലെ കോടതിയിലാണ് വിചാരണ നടന്നത്. ശിക്ഷയായി വിധിക്കുന്ന 62 മാസം തടവ് ഇതിനോടകം അനുഭവിച്ചതായി കണക്കാക്കി അസാൻജിനെ ജന്മനാട്ടിലേക്കു മടങ്ങാനാണ് അനുവദിച്ചത്.
ഭാര്യ സ്റ്റെല്ലയും 2 മക്കളും ഒപ്പമുണ്ടായിരുന്നു. ‘പത്രപ്രവർത്തകനായിരിക്കെ രഹസ്യസ്വഭാവമുള്ള വസ്തുതകൾ പ്രസിദ്ധീകരിക്കുന്നതിന് എന്റെ സോഴ്സുകളെ താൻ പ്രോത്സാഹിപ്പിച്ചു. പ്രവർത്തി നിയമപരിരക്ഷയിൽ ഉൾപ്പെടുന്നതാണെന്നു ഞാൻ തെറ്റിധരിച്ചു. പക്ഷേ അതു ചാരവൃത്തി നിയമ ലംഘനമാണെന്നു ഞാൻ അംഗീകരിക്കുന്നു’ – അദ്ദേഹം കോടതിയിൽ പറഞ്ഞത് ഇങ്ങനെ.