ചെന്നൈ എഗ്മൂർ–നാഗർകോവിൽ വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി; ഐലൻഡ് എക്സ്പ്രസ് കണക്‌ഷനാകും
Mail This Article
നാഗർകോവിൽ∙ ചെന്നൈ എഗ്മൂർ–നാഗർകോവിൽ വന്ദേഭാരത് ട്രെയിന്റെ പരീക്ഷണ ഓട്ടം നടത്തി. 742 കിലോമീറ്റർ ദൂരം 8 മണിക്കൂർ 50 മിനിറ്റ് കൊണ്ട് വന്ദേഭാരത് പിന്നിട്ടു. ചെന്നൈ എഗ്മൂറിൽനിന്നു രാവിലെ 5ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.50ന് നാഗർകോവിൽ ജംക്‌ഷനിൽ എത്തി. മടക്ക ട്രെയിൻ 2.20നു തിരിച്ചു രാത്രി 11.15ന് ചെന്നൈയിൽ എത്തി. 8 കോച്ചുകളുള്ള വന്ദേഭാരതാണു പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്. വന്ദേഭാരത് ആഴ്ചയിൽ 6 ദിവസം സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണു പരീക്ഷണ ഓട്ടം നടത്തിയത്.
തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻസ് മാനേജർ എ.വിജുവിൻ, ഉദ്യോഗസ്ഥരായ എസ്.ഹരീഷ്, ബിജു നാരായണൻ, പാർഥസാരഥി, മുത്തുകുമാർ തുടങ്ങിയവർ ട്രെയിനിലുണ്ടായിരുന്നു. പരീക്ഷണ ഓട്ടം തൃപ്തികരമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തുനിന്നു 12.05നുള്ള ബെംഗളൂരു–കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് നാഗർകോവിൽ–ചെന്നൈ വന്ദേഭാരതിന് കണക്‌ഷനാകും. ഐലൻഡ് ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും. 2.20നാണ് വന്ദേഭാരത് പുറപ്പെടുക. വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ തീയതി ലഭിച്ചാൽ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.