‘ബെർത്ത് തകർന്നതല്ല, ചങ്ങല ഇടാത്തതാണ് കാരണം’; യാത്രികൻ മരിച്ചതിനെപ്പറ്റി റെയിൽവേ
Mail This Article
തിരുവനന്തപുരം ∙ തെലങ്കാനയിലെ വാറങ്കലിൽ ബെർത്ത് ശരീരത്തിൽ വീണ് പൊന്നാനി സ്വദേശി മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ. സ്ലീപ്പർ കോച്ചിലെ ബെർത്തിനു തകരാർ ഉണ്ടായിരുന്നില്ല, പകരം ചങ്ങല ശരിയായി ഇടാതിരുന്നതാണ് അപകട കാരണമെന്നാണു വിശദീകരണം. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ‘‘മുകളിലെ യാത്രക്കാരൻ ചെയിൻ ശരിയായി ഇട്ടിരുന്നില്ല. ട്രെയിൻ രാമഗുണ്ടത്ത് നിർത്തി പരുക്കേറ്റയാളെ ആശുപത്രിയിലാക്കി. സീറ്റ് നിസാമുദ്ദീൻ സ്റ്റേഷനിൽ പരിശോധിച്ചു, തകരാറില്ലെന്നു കണ്ടെത്തി’’ – റെയിൽവേയുടെ വിശദീകരണത്തിൽ പറയുന്നത് ഇങ്ങനെ.
എസ് 6 കോച്ചിൽ താഴത്തെ ബെർത്തിലെ 57ാം നമ്പർ സീറ്റിലായിരുന്നു അലി ഖാൻ. മധ്യ ബെർത്തിലെ യാത്രക്കാരൻ ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് തേഡ് എസി കോച്ചിലേക്കു മാറി. എന്നാൽ മധ്യ ബെർത്തിലെ സീറ്റിന്റെ ചങ്ങല ശരിയായി ഇടാതിരുന്നതിനാൽ സീറ്റ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റെയിൽവേയുടെ പത്രക്കുറിപ്പിൽ പറയുന്നത്.
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12645 എറണാകുളം – എച്ച്. നിസാമുദ്ദീൻ മില്ലെനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു അപകടം. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിലെ മൂന്ന് എല്ലുകൾ ഒടിഞ്ഞ് ശരീരം തളർന്നിരുന്നു. മൂന്ന് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.