മാതൃസ്നേഹത്തിന്റെ സന്ദേശം പകർന്ന് ഒരിടം; തെപ്പക്കാട് എന്ന ആന'ത്തൊട്ടിൽ' - വിഡിയോ
Mail This Article
നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽനിന്ന് ഏറെ ദൂരെയൊന്നുമല്ലാത്ത ഗ്രാമമാണ് തെപ്പക്കാട്. ഇവിടെയാണ് അമ്മയുപേക്ഷിച്ചുപോയ കുട്ടിയാനകൾക്കു കരുതലും സ്നേഹവുമേകി ഒരു ആനപരിപാലന കേന്ദ്രം പ്രവർത്തിക്കുന്നത്. തെപ്പക്കാട് ആന പരിപാലന കേന്ദ്രത്തിന്റെ വിശേഷങ്ങൾ നമ്മളറിഞ്ഞത് ‘ദി എലിഫന്റ് വിസ്പേഴ്സ്’ എന്ന ഡോക്യുമെന്ററിയിലൂടെയാണ്. ഓസ്കർ വേദിവരെ കീഴടക്കിയ ഡോക്യുമെന്ററിയുടെ പെരുമ ഇന്ന് രാജ്യവും കടന്ന് ലോകത്തിനു മുന്നിൽ തമിഴ്നാട് വനം വകുപ്പിന്റെ യശസ്സ് ഉയർത്തുകയാണ്.
തമിഴ്നാട് - കർണാടക അതിർത്തിക്കു സമീപം മസിനഗുഡി ഗ്രാമത്തിലാണു തെപ്പക്കാട് ആന പരിപാലന കേന്ദ്രം. മോയാർ നദിക്കരയിലുള്ള ഇവിടെ അമ്മയുപേക്ഷിച്ചു പോയ നിരവധി ആനക്കുട്ടികളെയാണു വനംവകുപ്പ് പ്രത്യേക ശ്രദ്ധ കൊടുത്തു പരിപാലിച്ചു പോരുന്നത്. ഇതിനായി തായ്‌ലൻഡിൽ പ്രത്യേക പരിശീലനം ലഭിച്ച പാപ്പാൻമാരുടെ സേവനവും തമിഴ്നാട് വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ഈ വർഷം തന്നെ രണ്ട് ആനക്കുട്ടികളെയാണ് അമ്മയുപേക്ഷിച്ച നിലയിൽ തമിഴ്നാട് വനം വകുപ്പ് കണ്ടെത്തിയത്. ഇതിൽ ചരിഞ്ഞ അമ്മയാനയ്ക്കു ചുറ്റും കുറുമ്പ് കാട്ടി നടന്നിരുന്ന കുട്ടിയാനയുടെ ദൃശ്യങ്ങൾ ഈയിടെ സമൂഹമാധ്യമങ്ങളിൽ ഏവരുടെയും ഉള്ളുലച്ച കാഴ്ചയായിരുന്നു. കുട്ടിയാനയെ നിരവധിത്തവണ മറ്റ് ആനക്കൂട്ടത്തിനൊപ്പം കാടുകയറ്റാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. മനുഷ്യന്റെ മണം ലഭിച്ച കുട്ടിയാനയെ മറ്റ് ആനക്കൂട്ടങ്ങൾ അകറ്റി നിർത്തി. ഇതോടെയാണ് ആനക്കുട്ടിയെ തമിഴ്നാട് വനം വകുപ്പ് ഏറ്റെടുത്തതും തെപ്പക്കാട്ടിലേക്ക് എത്തിച്ചതും.
ഇവനടക്കം മൂന്ന് ആനക്കുട്ടൻമാരാണ് തെപ്പക്കാട് ആന പരിപാലന കേന്ദ്രത്തിൽ നിലവിലുള്ളത്. ആനക്കുട്ടികളെ പാപ്പാൻമാർ പരിപാലിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തമിഴ്നാട് വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായ സുപ്രിയാ സാഹു സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു. പാപ്പാൻമാർക്കൊപ്പം പ്രഭാത നടത്തത്തിന് പോകുന്ന കുട്ടിയാനകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
മൂന്നോ നാലോ മാസം മാത്രം പ്രായമുള്ള കുട്ടിയാനകളെ രാപ്പകൽ വ്യത്യാസമില്ലാതെ അതീവ ശ്രദ്ധയോടെയാണ് പാപ്പാൻമാർ ഇവിടെ പരിപാലിക്കുന്നത്. അമ്മയാനയുടെ മുലപ്പാൽ ലഭിക്കാത്തതിനാൽ തന്നെ കുട്ടിയാനകൾക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കുമെന്നതാണ് കാരണം. വനം വകുപ്പ് രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതിയും പാപ്പാൻമാർക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. കുട്ടിയാനകളെ കൂടാതെ മറ്റ് ആനകൾക്കും വനം വകുപ്പ് ഇവിടെ സംരക്ഷണം ഒരുക്കുന്നുണ്ട്. എന്തായാലും തമിഴ്നാട് വനം വകുപ്പിന്റെ ഈ ആന'ത്തൊട്ടിൽ' അനാഥത്വം പേറുന്ന കുട്ടിയാനകളുടെ ആശ്രയകേന്ദ്രമായി വളരുകയാണ്.