ADVERTISEMENT

കാസർകോട് ∙ ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ കാറോടിച്ചത് തോട്ടിലൂടെ. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം.

അമ്പലത്തറ മുനമ്പം ഹൗസിൽ എം.അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ. തഷ്‌രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ - പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കർണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ യാത്ര ചെയ്തത്. റാഷിദ് ആണ് കാർ ഓടിച്ചിരുന്നത്.

പുലർച്ചെ ഇരുട്ട് ആയതിനാൽ ഇവിടെ ചാലും പാലവും ഉള്ളതായി ഇവർ തിരിച്ചറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി കരുതി കാർ ഇറക്കിയപ്പോൾ ചാലിലേക്ക് പതിക്കുകയായിരുന്നു. കാർ 150 മീറ്ററോളം ഒഴുകിപ്പോയ ശേഷം പുഴവഞ്ചിയിൽ തട്ടി നിന്നതാണ് ഇരുവർക്കും രക്ഷയായത്. ആ സമയത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി രണ്ടു പേരും പുറത്തു കടക്കുകയും ചാലിന്റെ നടുവിലുളള കുറ്റിച്ചെടികളിൽ പിടിച്ച് നിൽക്കുകയുമായിരുന്നു.

കയ്യിലുണ്ടായിരുന്ന ഫോൺ എടുത്ത് ബന്ധുക്കളെ വിവരം അറിയിക്കുകയും ലൊക്കേഷൻ അയച്ചു നൽകുകയും ചെയ്തു. അവർ അതു പൊലീസിനും കുറ്റിക്കോൽ അഗ്നി രക്ഷാ സേനയ്ക്കും കൈമാറുകയും ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷം രക്ഷപ്പെടുത്തുകയും ചെയ്തു. അര കിലോ മീറ്ററോളം അകലെയാണ് കാർ കണ്ടെത്തിയത്.

ഉയരം കുറഞ്ഞ കൈവരികളില്ലാത്ത ഈ പാലം മഴക്കാലത്ത് കവിഞ്ഞൊഴുകുന്നത് പതിവാണ്. ഇതിന്റെ 500 മീറ്റർ മാറി 4 വർഷം മുൻപ് ഉയരം കൂടിയ പുതിയ പാലം നിർമിച്ചിരുന്നു. പക്ഷെ ഗൂഗിൾ മാപ്പിൽ പഴയ പാലം തന്നെയാണ് കാണിക്കുന്നത്. ഇതാണ് രണ്ടുപേരെയും അപകടത്തിൽ ചാടിച്ചത്.

English Summary:

Google Maps Error Leads to Car Being Swept Away by Rainwater in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com