ലതികയ്ക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ച് സർക്കാർ; വര്‍ഗീയത പരത്തിയിട്ട് നടപടിയെന്തെന്ന് കുഴൽനാടൻ
Mail This Article
തിരുവനന്തപുരം ∙ വടകര ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ കെ.കെ.ലതികയ്ക്ക് എതിരെ കേസെടുത്തോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു കൃത്യമായി ഉത്തരം നല്‍കാതെ മറുചോദ്യങ്ങള്‍ കൊണ്ടു നേരിട്ടു ഭരണപക്ഷം. വര്‍ഗീയത പ്രചരിപ്പിക്കുന്ന വ്യാജപോസ്റ്റ് മുന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക് പേജില്‍ ദിവസങ്ങളോളം കിടന്നത് എല്ലാവരും കണ്ടതാണെന്നും ഇതുവരെ കേസെടുക്കാത്തതെന്തെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരായ പോസ്റ്റാണ് ലതിക കുറിച്ചതെന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്റെ മറുപടി. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നു കൃത്യമായി ഉത്തരം നല്‍കിയില്ല.
പ്രതിപക്ഷത്തുനിന്ന് ടി.ജെ.വിനോദും ഐ.സി.ബാലകൃഷ്ണനും സമാനമായ ചോദ്യങ്ങളുന്നയിച്ചതോടെ മറുചോദ്യവുമായി വി.ജോയി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖ സംബന്ധിച്ച പൊലീസ് കേസിനെ കുറിച്ചായിരുന്നു ചോദ്യം. വ്യാജ ആപ്പുപയോഗിച്ചാണ് വ്യാജകാര്‍ഡ് നിര്‍മിച്ചതെന്നും അതുകൊണ്ട് സൈബര്‍ കേസാണെന്നും പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും എം.ബി.രാജേഷ് മറുപടി നല്‍കി. സ്ത്രീകള്‍ക്കെതിരായ അശ്ലീലപോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ, നടപടി സ്വീകരിക്കുമോ എന്ന ചോദ്യവുമായി യു.പ്രതിഭയും എഴുന്നേറ്റു. തിരുവനന്തപുരത്തെ മറ്റൊരു കേസിന്റെ വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് എം.വിജിനും ചോദ്യവുമായി ഭരണപക്ഷത്തുനിന്ന് രംഗത്തെത്തി.
സ്പീക്കര്‍ എ.എൻ.ഷംസീർ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കുന്നത് എങ്ങനെയാണെന്നായിരുന്നു എം.ബി.രാജേഷ് പറഞ്ഞത്. ഇതോടെ പ്രധാനവിഷയത്തില്‍നിന്നു വഴിതിരിച്ചു വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ചോദ്യോത്തരവേള മന്ത്രിയും ഭരണകക്ഷി അംഗങ്ങളും കൂടി ദുരുപയോഗപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വളരെ കൃത്യമായ ചോദ്യത്തിനു മറുപടി പറയാതെ കേരളത്തിലെ സൈബര്‍ കേസുകളുടെ മുഴുവന്‍ വിവരങ്ങള്‍ വായിക്കുകയാണ്. യഥാര്‍ഥ ചോദ്യത്തില്‍നിന്ന് അകന്നുപോകാന്‍ മനപ്പൂര്‍വം മൂന്നുനാല് ഭരണകക്ഷി അംഗങ്ങള്‍ പ്രധാനചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പ്രതിപക്ഷത്തെ യുവനേതാവിന്റെ പേരില്‍ വ്യാജപോസ്റ്റര്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നു സതീശന്‍ പറഞ്ഞു. ആ നേതാവ് പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് ഫോണ്‍ കൊടുത്തു പരിശോധിക്കാന്‍ പറഞ്ഞു. കാര്‍ഡ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി കോടതിയെ അറിയിച്ചു. ആ വ്യാജകാര്‍ഡ് പ്രചരിപ്പിച്ച ഭരണകക്ഷിയുടെ മുൻ എംഎല്‍എയ്‌ക്കും മറ്റു നേതാക്കൾക്കും എതിരെ യാതൊരു കേസും എടുത്തിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ കെ.കെ.ലതിക ഫെയ്‌സ്ബുക് പേജില്‍ കുറിച്ചത് 'എന്തൊരു വര്‍ഗീയത ആണെടോ ഇത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നമ്മുടെ നാട് നിലനില്‍ക്കേണ്ടേ?. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത്' എന്നാണെന്നും ഇത് വര്‍ഗീയതയ്‌ക്കെതിരായ പോസ്റ്റാണെന്നും എം.ബി.രാജേഷ് പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. വ്യാജപോസ്റ്റ് സൃഷ്ടിച്ചതാരെന്നതു സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍നിന്ന് വിവരം തേടിയിട്ടുണ്ടെന്നും അതു കിട്ടിയാല്‍ നടപടിയുണ്ടാകുമെന്നും രാജേഷ് വ്യക്തമാക്കി.