അത്യാഹിത വിഭാഗത്തിലെ ഷൂട്ടിങ് നിർത്തി; അനുമതി നൽകിയത് ആരോഗ്യവകുപ്പ് ഡയറക്ടർ, മന്ത്രി വിശദീകരണം തേടി
Mail This Article
തൃശൂർ∙ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇന്നലെയും ഇന്നും ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന വിവരവും പുറത്തു വന്നു. വിവാദമായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
പണമടച്ച് അനുമതി വാങ്ങിയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സിനിമാ നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് പ്രതിദിനം 10,000 രൂപ വച്ച് അടച്ചു. ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടിരുന്നു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണു നിർദേശം നൽകിയത്.
‘പൈങ്കിളി’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇന്നലെ രാത്രി ഒൻപതു മണിയോടെ ആശുപത്രിയിൽ തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് ചിത്രീകരണമെന്ന് ആരോപണം ഉയർന്നു. അഭിനേതാക്കൾ ഉൾപ്പെടെ അൻപതോളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണു വിവരം. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്.
അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്കു പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല.