പ്രതിദിനം 1500ലേറെ സർവീസുകള്‍, ലക്ഷക്കണക്കിന് യാത്രികർ; ഈ അപകടത്തിൽ ആശങ്കപ്പെടാതിരിക്കുന്നത് എങ്ങനെ?
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 2024 ജൂൺ 28ന് പുലർച്ചെ ഒരാളുടെ ജീവനെടുത്ത അപകടമുണ്ടായി. ഒന്നാം ടെർമിനലിലെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേൽക്കുകയും ചെയ്തു. പ്രതിദിനം നൂറുകണക്കിനു സർവീസുകൾ ഇടതടവില്ലാതെ നടക്കുന്ന തിരക്കേറിയ വിമാനത്താവളത്തിലാണ് ഇത്തരമൊരു അപകടം സംഭവിച്ചതെന്നത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.
പ്രതിദിനം ഡൽഹി വിമാനത്താവളത്തിൽ നടക്കുന്നതു 1,500ലേറെ സർവീസുകളാണ്. 2023ൽ 6.5 കോടി ആളുകളാണ് ഈ വിമാനത്താവളം വഴി യാത്രചെയ്തത്. ഏറ്റവും കൂടുതൽ ട്രാഫിക് രേഖപ്പെടുത്തിയ 2023 നവംബർ 28ന് വിമാനത്താവളത്തിൽനിന്ന് യാത്രചെയ്തവരുടെ എണ്ണം 2,21,000. ലോകനേതാക്കളടക്കം വന്നിറങ്ങുന്ന തലസ്ഥാന നഗരിയിലെ വിമാനത്താവളം കൂടിയാണിത്. വെള്ളിയാഴ്ചത്തെ അപകടത്തോടെ രാജ്യത്തെ പൊതുനിർമിതികളുടെ സുരക്ഷയെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നു.
∙ വിമാനത്താവളത്തിൽ സംഭവിച്ചത് എന്ത്?
ഡൽഹിയിൽ രണ്ടുദിവസമായി തുടർന്ന കനത്ത കാറ്റിലും മഴയിലും വിമാനത്താവളത്തിന്റെ ടെർമിനിൽ ഒന്നിനുമുന്നിലെ മേൽക്കൂരയും അതിനെ താങ്ങിനിർത്തിയിരുന്ന തൂണുകളും നിർത്തിയിട്ടിരുന്ന കാറുകൾക്കുമീതെ തകർന്നു വീഴുകയായിരുന്നു. ആഭ്യന്തര സർവീസുകളാണ് ടെർമിനൽ ഒന്നിൽ നടത്തുന്നത്. ടാക്സി ഡ്രൈവറായ രമേഷ് കുമാറാണ് അപകടത്തിൽ മരിച്ചത്. യാത്രക്കാരുടെ കാറുകൾ നിർത്തിയിടാനുള്ള ടെർമിനലിനു മുന്നിലെ ഭാഗത്തെ മേൽക്കൂരയിൽ മഴവെള്ളം കെട്ടിനിന്നതാണു തകർച്ചയ്ക്ക് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
∙ തകർന്ന ഭാഗത്തിന്റെ പഴക്കമെത്ര?
അപകടമുണ്ടായ വിമാനത്താവളത്തിന്റെ ഭാഗത്തിന് എത്ര പഴക്കമുണ്ടെന്നതിൽ പ്രതിപക്ഷവും ഭരണപക്ഷവും രണ്ടഭിപ്രായത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മാർച്ചിലാണ് ടെർമിനൽ ഒന്നിലെ ഈ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. എന്നാൽ തകർന്നുവീണ ഭാഗം നിർമിച്ചത് 2008–09ൽ യുപിഎ സർക്കാരിന്റെ കാലത്താണെന്നാണു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞത്.
വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ള ജിഎംആർ ഗ്രൂപ്പ് സ്വകാര്യ കോൺട്രാക്ടർമാരെക്കൊണ്ടാണ് ഈ ഭാഗം പണികഴിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 2008 ലാണെങ്കിൽപ്പോലും അതിനെ വലിയ പഴക്കമായി കണക്കാക്കാനാവില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്വകാര്യവ്യക്തികളാണ് നിർമാണമെങ്കിലും ഇത്തരം നിർമിതികളുടെ സുരക്ഷാ ഓഡിറ്റ് കൃത്യമായി നടത്തുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതാണു പരിശോധിക്കപ്പെടേണ്ട കാര്യം.
∙ അപകടം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിച്ചു?
ജൂൺ 28ലെ അപകടം ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ചെറുതല്ലാത്ത രീതിയിൽത്തന്നെ ബാധിച്ചിട്ടുണ്ട്. ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന ആഭ്യന്തര സർവീസുകൾ തുടക്കത്തിൽ വൈകിപ്പിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. തുടർന്ന് ഒന്നാം ടെർമിനൽ താൽകാലികമായി അടച്ചിട്ടു. ഇവിടെനിന്നുള്ള ഇൻഡിഗോ, സ്പൈസ്ജെറ്റ് ഉൾപ്പെടെയുള്ള വിമാനസർവീസുകൾ മറ്റ് ടെർമിനലുകളിലേക്കു മാറ്റിയിട്ടുണ്ട്. 18 % സർവീസുകളെ അപകടം ബാധിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ.
ശനിയാഴ്ച 89 വിമാനങ്ങളാണ് ടെർമിനൽ ഒന്നിൽനിന്നു പുറപ്പെടേണ്ടിയിരുന്നത്. ഞായറാഴ്ച 90 സർവീസുകളും. അത്രതന്നെ വിമാനങ്ങൾ ഇവിടേക്ക് എത്തിച്ചേരേണ്ടിയുമിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ഈ ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ആകെ സർവീസുകളുടെ 18 % ആണിത്. ഇവയെല്ലാം മറ്റ് ടെർമിനലുകളിലേക്ക് മാറ്റുമെന്നാണു വിവരം. അതിനനുസരിച്ച് സർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തേക്കാം. ഏതാനും ദിവസങ്ങൾ കൂടി ഈ അവസ്ഥ തുടരും. അപകടത്തെത്തുടർന്ന് ജിഎംആർ ഗ്രൂപ്പിന്റെ ഓഹരിവിലയിൽ 3% ഇടിവുണ്ടായിട്ടുണ്ട്.
∙ സർക്കാരിനും വിമർശനം
വിമാനത്താവളത്തിന്റെ മേൽക്കൂരയ്ക്കൊപ്പം മോദി സർക്കാരിന്റെ പ്രതിച്ഛായക്കും ചെറിയ തോതിൽ ഇടിവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച മധ്യപ്രദേശിലെ ജബൽപുരിൽ ഡുംന വിമാനത്താവള വളപ്പിലെ മേൽക്കൂര തകർന്ന് വീണതും ഇതുമായി ചേർത്ത് ചർച്ച ചെയ്യപ്പെടുന്നു. 2023 മാർച്ച് 10നാണ് 450 കോടിയുടെ ടെർമിനൽ കെട്ടിടം ഡുംനയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
പുതിയ വിമാനത്താവളങ്ങളും അനുബന്ധ വികസനത്തിനുമായി ഒരു ലക്ഷം കോടിയോളം രൂപ സർക്കാരും സ്വകാര്യ കമ്പനികളും ചേർന്ന് ചെലവിടാനൊരുങ്ങുമ്പോഴാണ് ഇത്തരം അപകടങ്ങൾ. കഴിഞ്ഞവർഷം നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം ഇടിഞ്ഞുവീണ് 41 തൊഴിലാളികൾ 17 ദിവസത്തോളം കുടുങ്ങിക്കിടന്ന സംഭവവും പൊതുകേന്ദ്രങ്ങളുടെ നിർമാണത്തിലെ സുരക്ഷാവീഴ്ചകളെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിരുന്നു.