ആദ്യ സംവാദത്തിൽ അടിതെറ്റി ബൈഡൻ, സ്ഥാനാർഥിമാറ്റം ആലോചിച്ച് ഡമോക്രാറ്റുകൾ; മിഷേൽ ഒബാമയ്ക്ക് നറുക്കുവീഴുമോ?
Mail This Article
വാഷിങ്ടന്‍∙ യുഎസ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽത്തന്നെ ഡോണൾഡ് ട്രംപിന് മുന്നിൽ പതറിയതോടെ ഡമോക്രാറ്റുകൾ ജോ ബൈഡനു പകരം സ്ഥാനാർഥിയെ അന്വേഷിക്കുന്നെന്ന് സൂചന. സിഎൻഎൻ നടത്തിയ ആദ്യ സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കള്ളങ്ങളും അർധസത്യങ്ങളും വിളിച്ചുപറഞ്ഞ് ഓളം സൃഷ്ടിച്ചപ്പോൾ 81 വയസ്സുകാരനായ ബൈഡൻ പ്രതിരോധിക്കാനാകാതെ കുഴങ്ങിയത് വലിയ ചർച്ചയായതോടെയാണ് സ്ഥാനാർഥിയെ മാറ്റുന്നത് സംബന്ധിച്ച് ഡമോക്രാറ്റിക് പാളയത്തിൽ ചർച്ച തുടങ്ങിയത്.
ട്രംപിനെക്കാൾ വെറും മൂന്നു വയസ് മാത്രം മുതിർന്നതായിട്ടും ബൈഡനെ വയോവൃദ്ധനായി മാറ്റിനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കാരും സമൂഹമാധ്യമങ്ങളിൽ പ്രചരണം തുടങ്ങി. ‘‘എന്റെ വാക്കുകൾ കുറിച്ചുവച്ചോളൂ, ബൈഡൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാവില്ല’’ എന്നാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹാലി എക്സിൽ പ്രതികരിച്ചത്. ‘‘ഡമോക്രാറ്റ് പാർട്ടി ഒരു വയോധികനെ തങ്ങളുടെ ബലിമൃഗമായി അവതരിപ്പിച്ചിരിക്കുന്നു’’ എന്നായിരുന്നു ട്രംപിന്റെ വൈസ് പ്രസിഡന്റാകാൻ സാധ്യതയുള്ള നേതാവും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയുടെ പ്രതികരണം.
യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ബൈഡനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും സംവാദം നിരാശപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മോശമായ സംവാദത്തിന്റെ രാത്രിയാണ് സംഭവിച്ചത്. എന്നാൽ ഇപ്പോഴും ഈ തിരഞ്ഞെടുപ്പ് ജീവിതം മുഴുവൻ സാധാരണക്കാർക്കുവേണ്ടി മാറ്റിവച്ച ഒരാളും തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളും തമ്മിലുള്ള മത്സരമാണെന്നും ഒബാമ പറഞ്ഞു. മുൻ പ്രഥമവനിത മിഷേൽ ഒബാമയുടെ പേരാണ് ബൈഡന്റെ പകരക്കാരായി അഭ്യൂഹമുയർന്നതിൽ ഏറ്റവും ശ്രദ്ധേയം. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്‌കർ, മിഷിഗൻ ഗവർണർ ഗ്രെച്ചെൻ വിറ്റ്മെർ, ഷെറോഡ് ബ്രൗൺ, ഡീൻ ഫിലിപ്പ്സ് എന്നിവരുടെ പേരുകളാണ് പകരക്കാരുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്. മിഷേൽ ഡമോക്രാറ്റ് സ്ഥാനാർഥിയാകാൻ 80% സാധ്യതയുണ്ടെന്ന് യുഎസ് സെനറ്റർ ടെഡ് ക്രുസ് പറഞ്ഞു.
അത്രയെളുപ്പത്തിൽ സ്ഥാനാർഥിയെ മാറ്റാനാകുമോ?
അതേസമയം, സ്ഥാനാർഥിയെ ഏകപക്ഷീയമായി മാറ്റാൻ ഡമോക്രാറ്റുകൾക്ക് അധികാരമില്ല. മത്സരത്തിൽനിന്ന് പിന്മാറാൻ ജോ ബൈഡൻ തന്നെ തീരുമാനിച്ചാലേ അങ്ങനെയൊരു മാറ്റം സാധ്യമാകൂ. ഇതുവരെ അങ്ങനെയൊരു നീക്കം ബൈഡന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അഥവാ ഓഗസ്റ്റ് 19ന് ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ഡമോക്രാറ്റിക് കൺവൻഷനു മുന്‍പോ കൺവൻഷനിൽവച്ചോ ബൈഡൻ പിന്മാറാൻ സന്നദ്ധനായാൽ ഡമോക്രാറ്റിക് പാർട്ടിക്ക് പുതിയ സ്ഥാനാർഥി നോമിനിയെ തിരഞ്ഞെടുക്കാം.
ഇതിനായി ഡമോക്രാറ്റിക് ദേശീയ കമ്മിറ്റി ചേർന്ന് വോട്ടെടുപ്പിലൂടെ ജൂൺ 22നു മുൻപു സ്ഥാനാർഥിയെ തിരഞ്ഞെടുക്കണം. ഇനി കൺവൻഷനുശേഷമാണ് ബൈഡൻ പിന്മാറുകയെങ്കിൽ ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ 500 അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി ദേശീയ സമിതിയുടെ പ്രത്യേക യോഗം വിളിച്ചുവേണം മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ.