മഴയിൽ മുങ്ങി ഡൽഹി: വസന്ത് വിഹാറില്‍ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെടുത്തു
Mail This Article
ന്യൂഡല്‍ഹി ∙ വസന്ത് വിഹാറില്‍ കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ട 3 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പുതഞ്ഞ രണ്ടു പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവ് (19) ആണു മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം.
ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് അഗ്നിശമന സേനയ്ക്കു വിവരം ലഭിച്ചത്. അഗ്നിശമന സേനയെത്തി സന്തോഷ് കുമാറിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അടിത്തറ തകരുകയായിരുന്നു. ചെളിയിലും വെള്ളത്തിലും പുതഞ്ഞാണു തൊഴിലാളികളെ കാണാതായത്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും അഗ്നിശമനസേനയും ചേർന്നാണു രക്ഷാപ്രവർത്തനം.
കനത്ത മഴയെത്തുടർന്നുള്ള വെള്ളക്കെട്ടിലും ഗതാഗതം കുരുക്കിലും ഡൽഹി സ്തംഭിച്ചു. അണ്ടർപാസുകളിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഫ്ലാറ്റുകളുടെയും ഓഫിസുകളുടെയും അണ്ടർഗ്രൗണ്ട് പാർക്കിങ് സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞില്ല. അപകടങ്ങളൊഴിവാക്കാൻ പലസ്ഥലങ്ങളിലും വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.