നീറ്റ് ക്രമക്കേട്: സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ; വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു
Mail This Article
ന്യൂഡൽഹി∙ നീറ്റ് – യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ജയ് ജലറാം സ്കൂൾ ഉടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. ഇയാൾ പരീക്ഷ എഴുതാൻ സഹായിക്കുന്നതിനു വിദ്യാർഥികളിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
അതേസമയം, ബിഹാറിൽ അറസ്റ്റിലായ 13 പേരെ സിബിഐ സംഘം ഇന്ന് ചോദ്യം ചെയ്തു. പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ ആയിരുന്നു ചോദ്യം ചെയ്യൽ. ഇവരിൽ 4 പേർ വിദ്യാർഥികളും മൂന്നു പേർ രക്ഷിതാക്കളുമാണ്. 6 പേർ പരീക്ഷ മാഫിയയിൽ ഉൾപ്പെട്ടവരാണ്. പ്രതികളുടെ മൊഴിയിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരാണ് അറസ്റ്റിലായത്.