പുതിയ നിയമപ്രകാരം രണ്ടാം കേസും മലപ്പുറത്ത്; രണ്ടിലും പ്രതിയായി കർണാടക സ്വദേശി ഷാഫി
Mail This Article
മലപ്പുറം ∙ ഭാരത് ന്യായ് സംഹിത പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തതും മലപ്പുറത്തെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച കർണാടക സ്വദേശി മുഹമ്മദ് ഷാഫി എന്ന യുവാവിനെതിരെ ആയിരുന്നു ആദ്യ കേസ്. തിങ്കളാഴ്ച പുലർച്ചെ 12.19നായിരുന്നു ഈ കേസ്. ഷാഫി ഓടിച്ച ബൈക്കിൽ രണ്ടു പേർ കൂടി ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
മുഹമ്മദ് ഷാഫി മൂന്നു പേരുമായാണു ബൈക്ക് ഓടിച്ചതെന്നു കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദീപകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇതിൽ ഒരാളുടെ കയ്യിൽ കഞ്ചാവുണ്ടായിരുന്നു. ക്രൈം നമ്പർ 937 ആണ് ഈ കേസ്. ചെറിയ തോതിലുള്ള കഞ്ചാവാണ് കയ്യിൽ സൂക്ഷിച്ചിരുന്നതെന്നും ദീപകുമാർ പറഞ്ഞു. ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ ഷാഫിക്കെതിരെ ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. ഹെൽമറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്. മൂന്നു പേരുമായി ബൈക്ക് ഓടിച്ചതിനുള്ള രണ്ടാം കേസിലും ഷാഫി പ്രതിയാകും.
കൊളത്തൂർ എന്ന സ്ഥലത്തുവച്ചാണു മുഹമ്മദ് ഷാഫിയെയും ഒപ്പമുള്ള രണ്ടുപേരെയും പിടികൂടിയത്. കെഎൽ 65എ 2983 ആയിരുന്നു ഷാഫിയുടെ വണ്ടി നമ്പർ. അശ്രദ്ധമായും അപകടകരമായുമാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് എസ്എച്ച്ഒ പറഞ്ഞു. മൂവരെയും കേസെടുത്ത ശേഷം നോട്ടിസ് നൽകി വിട്ടയച്ചു. എന്നാൽ കർണാടക സ്വദേശികളായ മൂവരും എന്തിനാണ് കേരളത്തിൽ എത്തിയതെന്ന് പൊലീസിന് അറിയില്ല.