വാണിജ്യ സിലിണ്ടർ വില നാലാം മാസവും കുറച്ചു; ഗാർഹിക എൽപിജി വില കുറയ്ക്കാൻ മടി
Mail This Article
കോട്ടയം ∙ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ തുടർച്ചയായ നാലാം മാസവും വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ (19 കിലോഗ്രാം) വില കുറച്ചു. ഇന്ന് പ്രാബല്യത്തിൽ വന്നവിധം 30.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. കൊച്ചിയിൽ 1,655 രൂപയാണ് പുതിയ വില. കോഴിക്കോട്ട് 1,687 രൂപ. തിരുവനന്തപുരത്ത് 1,676 രൂപ.
ഇതോടെ, കഴിഞ്ഞ 4 മാസത്തിനിടെ 150.5 രൂപയോളമാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. കേരളത്തിലെ രണ്ടു ലക്ഷത്തോളം വരുന്ന റസ്റ്ററന്‍റുകൾക്ക് നേട്ടമാകുന്നതാണ് ഈ വിലക്കുറവ്. തട്ടുകടകൾ മുതൽ ഹോട്ടലുകൾ വരെ ദിവസം രണ്ടു സിലിണ്ടറെങ്കിലും ഉപയോഗിക്കുന്നു എന്നാണ് കണക്ക്.
ഗാർഹിക സിലിണ്ടർ വില കുറയ്ക്കാൻ മടി
രാജ്യാന്തര ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ലോക വനിതാദിനമായ കഴിഞ്ഞ മാർച്ച് എട്ടിന് കേന്ദ്രസർക്കാർ ഗാർഹിക എൽപിജി സിലിണ്ടർ (14.2 കിലോഗ്രാം) വില 100 രൂപ കുറച്ചിരുന്നു. ശേഷം വില പരിഷ്കരിച്ചിട്ടില്ല.
കൊച്ചിയിൽ 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് നിലവിൽ വില. 2023 ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 94 ലക്ഷം പേരാണ് സജീവ ഗാർഹിക പാചക വാചക ഉപയോക്താക്കൾ. ഇതിൽ 3.4 ലക്ഷത്തോളം പേർ ഉജ്വല യോജന സ്കീമിലാണ്.