‘ജനങ്ങളോട് ഇങ്ങനെ പെരുമാറിയാൽ ഭരണം പോകും, മാറണം’: ആര്യയെ തിരുത്താൻ സിപിഎം
Mail This Article
തിരുവനന്തപുരം∙ ഭരണത്തിലെ വീഴ്ചകള്‍ തിരുത്താന്‍ തിരുവനന്തപുരം കോർപറേഷൻ മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ജില്ലാനേതൃത്വം നിര്‍ദേശം നല്‍കും. ഭരണവീഴ്ചകള്‍ അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറോടു തട്ടിക്കയറിയ സംഭവം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കി. പൊതുജനങ്ങളോടുളള പെരുമാറ്റ രീതിയില്‍ മാറ്റം വേണം. തല്‍ക്കാലം മേയറെ മാറ്റുന്നത് ആലോചനയിലില്ല. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ മേയറെ മാറ്റിയാല്‍ തിരിച്ചടിയുണ്ടാകുമെന്നാണു വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ബിജെപി അരയുംതലയും മുറുക്കി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതോടെയാണ് സിപിഎം തിരുത്തൽ നടപടി തുടങ്ങുന്നത്.