‘രാമന്റെ ആഗ്രഹമായിരിക്കാം അയോധ്യയിൽ ബിജെപിയുടെ പരാജയം; ഇന്ത്യയിലെ വർഗീയ രാഷ്ട്രീയം അവസാനിച്ചു’
Mail This Article
ന്യൂഡൽഹി∙ ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇന്ത്യയിലെ വർഗീയ രാഷ്ട്രീയം അവസാനിച്ചെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഇന്ത്യാ മുന്നണിയുടെ ധാർമിക വിജയമായിരുന്നെന്നും ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ യുപിയിലെ കനൗജിൽനിന്നുള്ള എംപി കൂടിയായ അഖിലേഷ് പറഞ്ഞു.
‘‘ജൂൺ നാല്, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ട ദിവസം, ഇന്ത്യ വർഗീയ രാഷ്ട്രീയത്തിൽനിന്നു സ്വാതന്ത്ര്യം നേടിയ ദിവസമാണ്. ഇന്ത്യാ മുന്നണിയെന്നത് ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കി. ഈ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയുടെ ധാർമിക വിജയമാണ്. പിഡിഎ (പിച്ച്ഡെ – പിന്നാക്ക വിഭാഗം, ദലിത്, അൽപസംഖ്യാക് – ന്യൂനപക്ഷം), സാമൂഹിക നീതി പ്രസ്ഥാനം എന്നിവയുടെ വിജയമാണ് ഇത്. ഇന്ത്യാ സഖ്യത്തിന് പൂർണ ഉത്തരവാദിത്തമുണ്ടെന്നതാണ് 2024ന്റെ സന്ദേശം.
ഈ തിരഞ്ഞെടുപ്പ് പോസിറ്റീവ് രാഷ്ട്രീയത്തിന്റെ പുതിയ കാലഘട്ടമാണ്. ഭരണഘടനയെ അനുകൂലിക്കുന്ന ആളുകൾ വിജയിച്ചു. രാമന്റെ ആഗ്രഹമായിരിക്കാം അയോധ്യയിരിക്കുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപിയുടെ പരാജയം. രാമൻ എന്തു പദ്ധതിയിട്ടോ അതു നടപ്പാക്കി. അയോധ്യയിൽനിന്നു ഞങ്ങൾ സ്നേഹത്തിന്റെ സന്ദേശമാണ് കൊണ്ടുവന്നത് (ഈ സമയം അഖിലേഷിന്റെ സമീപമിരുന്ന അയോധ്യയുടെ എംപി അവധേഷ് പ്രസാദ് രണ്ടുവട്ടം എഴുന്നേറ്റശേഷം ഇരുന്നു). അയോധ്യയിലെ പരാജയം ബിജെപിയെ അടുത്ത അഞ്ചുകൊല്ലത്തേക്കു വേട്ടയാടും.
യുപിയിലെ ആകെയുള്ള 80 സീറ്റുകൾ നേടിയാലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ ഞാൻ വിശ്വസിക്കില്ല. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കും. പെരുമാറ്റച്ചട്ടം നിലവിലിരുന്നപ്പോൾ സർക്കാരും കമ്മിഷനും വിവിധ ആളുകൾക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്കു ഞാൻ പോകുന്നില്ല. എന്നാൽ ആ സംവിധാനത്തെക്കുറിച്ച് ചോദ്യം ഉയർന്നിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളെ ഞാൻ ഇന്നലെ വിശ്വസിച്ചിട്ടില്ല, ഇന്നു വിശ്വസിക്കുന്നില്ല, 80 സീറ്റിൽ വിജയിച്ചാലും വിശ്വസിക്കില്ല. വോട്ടിങ് യന്ത്രങ്ങളുടെ വിഷയം അവസാനിച്ചിട്ടില്ല. സമാജ്‌വാദി പാർട്ടി അതിനുപിന്നാലെ വിടാതെയുണ്ടാകും.
ഇരട്ട എൻജിന്റെ പേരിൽ യുപിയിൽ രണ്ട് എൻജിനുകളാണു പരസ്പരം പോരടിക്കുന്നത്. ഞങ്ങളുണ്ടാക്കിയ റോഡുകളിൽ യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്തു. ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നഗരത്തിൽ ബിജെപി നിർമിച്ച റോഡുകളിൽ ബോട്ടുകളാണ് ലാൻഡ് ചെയ്യുന്നത്. വികസനത്തിന്റെ പേരിൽ ആയിരക്കണക്കിനു കോടിയുടെ അഴിമതിയാണു നടക്കുന്നത്.
ഞാനൊരു സൈനിക സ്കൂളിലാണ് പഠിച്ചത്. വിവിധ സൈനിക ഉദ്യോഗസ്ഥരോട് അഗ്നിവീർ പദ്ധതിയെക്കുറിച്ചു ചോദിച്ചു. എല്ലാവരും പറയുന്നത് ഒരേ കാര്യം. – അഗ്നിപഥ് പദ്ധതി നമ്മുടെ സൈന്യത്തെ നശിപ്പിക്കും. ഈ പദ്ധതി ചവറ്റുകുട്ടയിൽ ഇട്ടില്ലെങ്കിൽ ഞങ്ങളുടെ സർക്കാർ വരുമ്പോൾ ഇതു മാറ്റും. അഗ്നിവീർ പദ്ധതിയോട് ഒരിക്കലും യോജിക്കില്ല. ഭാവിയിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമ്പോൾ തീർച്ചയായും ഈ പദ്ധതി റദ്ദാക്കും. മുന്നോട്ടുപോകുന്ന സർക്കാരല്ലിത്... ഇതു വീഴാൻ പോകുന്ന സർക്കാരാണെന്നാണു ജനങ്ങൾ പറയുന്നത്. ജാതി സെൻസസ് നടപ്പാക്കണം. അതു നടപ്പാക്കാതെ രാജ്യത്ത് ന്യായം നടപ്പാകില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.