‘രാഹുലിന് പിള്ളബുദ്ധി, കോൺഗ്രസ് പരാദ ജീവി’: നേട്ടങ്ങൾ നിരത്തി രാഹുലിനെ പരിഹസിച്ച് മോദി
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ആരോപണങ്ങൾക്കു മറുപടി നൽകിയും പത്തുവർഷത്തെ എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മൂന്നാം എൻഡിഎ സർക്കാരിന്റെ ലക്ഷ്യങ്ങൾ അക്കമിട്ട് നിരത്തിയും ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം. രണ്ടേകാൽ മണിക്കൂർ നീണ്ടതായിരുന്നു മോദിയുടെ പ്രസംഗം. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിനും അഗ്നിവീർ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ ഉയർത്തിയ ആരോപണത്തിന് പ്രധാനമന്ത്രി മറുപടി നൽകി.
ഹിന്ദുക്കൾ ഹിംസ ചെയ്യുന്നവരല്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റാണെന്നും പറഞ്ഞ പ്രധാനമന്ത്രി, ഇതാണോ നിങ്ങളുടെ സംസ്കാരവും പാരമ്പര്യവും ചിന്തയുമെന്ന് പ്രതിപക്ഷത്തോടു ചോദിച്ചു. ദൈവത്തിന്റെ ചിത്രം വച്ച് രാഷ്ട്രീയം കളിക്കുകയാണോയെന്ന്, പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തിക്കാട്ടിയ നടപടി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ചോദിച്ചു. തുടക്കം മുതൽ ഒടുക്കം വരെ നീണ്ട പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു രണ്ടര മണിക്കൂറോളമുള്ള പ്രസംഗം. ഇടയ്ക്ക് രണ്ടു തവണ സ്പീക്കർ പ്രതിപക്ഷത്തിനു താക്കീത് നൽകി. മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷം ഏറെനേരം മുദ്രാവാക്യം മുഴക്കിയിട്ടും പ്രധാനമന്ത്രി മണിപ്പുരിനെപ്പറ്റി പരാമർശിച്ചില്ല. കർഷക സമരത്തെക്കുറിച്ചും അദ്ദേഹം മൗനം പാലിച്ചു.
നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ഘടന പരിഷ്കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധയോടെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കും എന്നാണ് രാജ്യത്തെ വിദ്യാർഥികളോടും യുവാക്കളോടും പറയാനുള്ളത്.
വിദ്യാർഥികളുടെ ഭാവിവച്ച് പന്താടുന്ന ഒരാളെപ്പോലും വെറുതെവിടില്ല. അഗ്നീവീർ പദ്ധതിയുമായി ബന്ധപ്പെട്ടും കോൺഗ്രസ് നുണ പറയുകയാണ്. കള്ളങ്ങളിലാണ് കോൺഗ്രസിന്റെ ജീവിതം. അഗ്നീവീറിലും മിനിമം താങ്ങുവിലയിലും ഭരണഘടനയിലും വോട്ടിങ് മെഷീനിലും റഫാലിലും എൽഐസി, എച്ച്എഎൽ വിഷയങ്ങളിലുമെല്ലാം കോൺഗ്രസ് നുണ പറയുന്നു.
2014 നു മുൻപ്, പത്രം തുറന്നാൽ അഴിമതിയുടെയും തട്ടിപ്പിന്റെയും വാർത്തകൾ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. നൂറുകോടിക്കണക്കിന് കോടികളുടെ അഴിമതി. അവ ജനങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. പാവപ്പെട്ടവന് വീടുവയ്ക്കണമെങ്കിൽ ആയിരത്തോളം രൂപ കൈക്കൂലി നൽകണമായിരുന്നു. ഗ്യാസ് കണക്‌ഷൻ കിട്ടാൻ എംപിയുടെയും എംഎൽഎമാരുടെയും മുന്നിൽ യാചിച്ചു നിൽക്കേണ്ടി വന്നിരുന്നു. സൗജന്യ റേഷൻ പോലും കിട്ടിയിരുന്നില്ല. അതിനുപോലും കൈക്കൂലി നൽകേണ്ടി വന്നിരുന്നു.
അപ്പോഴാണ് ജനങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തത്. അന്നുമുതൽ രാജ്യത്തിന്റെ മാറ്റം തുടങ്ങി. ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു. രാജ്യത്തെ നിരാശയിൽനിന്ന് കരകയറ്റി പ്രതീക്ഷയും ആത്മവിശ്വാസവുമുള്ള ജനതയായി മാറ്റി. 2014നു മുമ്പ് ഒന്നും നടക്കില്ലെന്നു കരുതിയിരുന്ന രാജ്യത്ത് ഇപ്പോൾ ഒന്നും അസാധ്യമല്ലെന്ന സ്ഥിതിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേട്ടങ്ങൾ നിരത്തി
‘‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്. അതിൽ ചിലർക്കുള്ള സങ്കടം എനിക്ക് മനസ്സിലാക്കാനാകും. വലിയ നുണകൾ നിരത്തിയിട്ടും പ്രതിപക്ഷത്തിനുണ്ടായത് വലിയ പരാജയമാണ്. പത്തുവർഷം കൊണ്ട് 25 കോടി പാവപ്പെട്ടവർ ദാരിദ്ര്യത്തിൽനിന്നു പുറത്തുവന്നു. രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ഇത്തരം പ്രവർത്തനങ്ങൾ കാരണമാണ് ജനങ്ങൾ വീണ്ടും ഞങ്ങളെ തിരഞ്ഞെടുത്തത്. 2014ൽ ആദ്യമായി വിജയിച്ചുവന്നപ്പോൾ പറഞ്ഞത് ഞങ്ങളുടെ സർക്കാർ അഴിമതി തുടച്ചുനീക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നാണ്.
ആ വാക്ക് പാലിച്ചതിനാലാണ് ജനങ്ങൾ ഇന്ന് ഞങ്ങളെ അനുഗ്രഹിച്ചത്. ആഗോളതലത്തിൽ ഇന്ത്യയെ ബഹുമാനത്തോടെയാണ് ഇന്ന് വീക്ഷിക്കുന്നത്. അത് ഓരോ ഇന്ത്യൻ പൗരനും അനുഭവിക്കുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ശരീരത്തിലെ ഓരോ കണവും രാജ്യത്തെ ജനങ്ങളുടെ വികസിത ഭാരതമെന്ന ലക്ഷ്യം പൂർത്തീകരിക്കാന്‍ ഉപയോഗിക്കും. 2047 വരെ ഇതിനായി 24 മണിക്കൂറും പ്രയത്നിക്കുമെന്ന് ജനങ്ങൾക്കു വാക്ക് നൽകിയിട്ടുണ്ട്.
ഞങ്ങളുടെ ഏക ലക്ഷ്യം രാജ്യം ഒന്നാമതെത്തുക എന്നതാണ്. ഭാരതമാണ് സർവപ്രധാനം. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും പ്രവർത്തനങ്ങളും ഈ ലക്ഷ്യത്തിന് വേണ്ടിയായിരിക്കും. 60 വർഷത്തിനു ശേഷമാണ് മൂന്നുതവണ തുടർച്ചയായി ഒരു സർക്കാർ അധികാരത്തിലെത്തുന്നത്. അതിന് പിന്നിൽ വലിയ പ്രയത്നമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 4 സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇവിടെയെല്ലാം അഭൂതപൂർവമായ വിജയമാണ് എൻഡിഎ നേടിയത്.
പുരി ജഗന്നാഥന്റെ അനുഗ്രഹത്തോടെ ഒഡിഷയിൽ ജയിച്ചു. ആന്ധ്രപ്രദേശ് തൂത്തുവാരി, സിക്കിമിലും അരുണാചൽ പ്രദേശിലും വിജയിച്ചു. ആറുമാസം മുമ്പ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സമാനതകളില്ലാത്ത വിജയം നേടി. കേരളത്തിൽ അഭിമാനത്തോടെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പം ചേർന്നു. തമിഴ് നാട്ടിലും കർണാടകയിലും മുമ്പത്തേക്കാൾ വോട്ടുവിഹിതം കൂടി.’’
രാഹുൽ ഗാന്ധിക്ക് പിള്ളബുദ്ധി, കോൺഗ്രസ് പരാദ ജീവി
‘‘സൈക്കിളുമായി പോകുന്ന ഒരു ചെറിയ കുട്ടി താഴെ വീണാൽ ചില മുതിർന്ന ആളുകൾ, നീ ഗംഭീരമായി സൈക്കിളോടിക്കുന്നല്ലോ എന്നും നീ വീണതല്ലല്ലോ എന്നുമെല്ലാം പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതുപോലെയാണ് കോൺഗ്രസിന്റെ അവസ്ഥ. ആ കുട്ടിയുടെ മനസ്സിനെ സമാധാനിപ്പിക്കുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്. പരാജയപ്പെട്ടെങ്കിലും ഞങ്ങൾ ജയിച്ചുവെന്നാണ് അവർ പറയുന്നത്. കോൺഗ്രസ് തോൽവി അംഗീകരിച്ച് ആത്മപരിശോധന നടത്തുന്നതിനുപകരം ശീർഷാസനം നടത്തുകയാണ്.
13 സംസ്ഥാനങ്ങളിൽ സീറോ സീറ്റാണെങ്കിലും ഹീറോ ആണെന്ന് നടിക്കുകയാണ്. ജനവിധി അംഗീകരിക്കാൻ കോൺഗ്രസ് പഠിക്കണം. സ്വന്തം തെറ്റ് മറച്ചുവച്ചുകൊണ്ട് അമ്മയ്ക്കു മുന്നിൽ നല്ലവനായി അഭിനയിച്ച് വാവിട്ടു കരയുന്ന കുട്ടി നടത്തുന്ന അഭിനയം പോലെയാണ് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രകടനം. പിള്ളബുദ്ധിയുടെ പ്രകടനമാണ് കഴിഞ്ഞദിവസം കണ്ടത്. സഹതാപം പിടിച്ചുപറ്റാനുള്ള പുതിയ മാർഗമാണിത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ജനങ്ങൾ ഒരു സന്ദേശം നൽകിയിട്ടുണ്ട്. നിങ്ങൾ പ്രതിപക്ഷത്ത് തന്നെ ഇരിക്കൂ എന്നതായിരുന്നു ആ സന്ദേശം. തർക്കം തീരുന്നതുവരെ അവിടെത്തന്നെ ഇരുന്ന് ബഹളം ഉണ്ടാക്കൂ. കഴിഞ്ഞ 3 തവണയും 100 സീറ്റ് തികയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അവരുടെ മൂന്നാം തവണത്തെ മോശം പ്രകടനമാണിത്. സഖ്യകക്ഷികളുടെ ബലത്തിൽ ജീവിക്കുന്ന പരാദജീവിയാണ് കോൺഗ്രസ്.
എവിടെയൊക്കെ ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടിയോ അവിടെയെല്ലാം കോൺഗ്രസിന്റെ വോട്ടുവിഹിതം വെറും 26 % മാത്രമാണ്. എന്നാൽ മറ്റേതെങ്കിലും പാർട്ടിയുടെ സൗജന്യത്തിൽ മത്സരിക്കുന്നയിടങ്ങളിൽ 50 % വോട്ടും നേടുന്നുണ്ട്. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 15 സംസ്ഥാനങ്ങളിൽ അവരുടെ വോട്ടുവിഹിതം ഇത്തവണ കുറയുകയാണുണ്ടായത്. ഗുജറാത്ത്, ഛത്തീസ്ഗഡ‍്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മത്സരിച്ചപ്പോൾ 64 സീറ്റിൽ വെറും 2 സീറ്റിലാണ് ജയിച്ചത്.
ദലിത് വിരുദ്ധ നിലപാടാണ് കോൺഗ്രസിന്റേത്. അംബേദ്കറിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ നെഹ്‌റു ശ്രമിച്ചിരുന്നു. അംബേദ്കറിനെ പരാജയപ്പെടുത്താൻ സകല സ്വാധീനവും നെഹ്‌റു പ്രയോഗിച്ചു. അദ്ദേഹത്തിന്റെ തോൽവി നെഹ്‌റു ആഘോഷിക്കുകയും ചെയ്തു. മറ്റൊരു ദലിത് നേതാവായ ജഗ് ജീവൻ റാമിനെയും അടിച്ചമർത്തി. ജഗ് ജീവൻ റാം ഒരു കാരണവശാലും പ്രധാനമന്ത്രിയാകരുതെന്ന് ആഗ്രഹിച്ച് ഇന്ദിരാ ഗാന്ധി പ്രവർത്തിച്ചിരുന്നു. ചൗധരി ചരൺ സിങ്ങിനോടും കോൺഗ്രസ് ഇതേ സമീപനമാണ് പുലർത്തിയത്’’ – പ്രധാനമന്ത്രി പറഞ്ഞു.