‘ഒരുമിച്ച് തീരുമാനിക്കേണ്ട പല കാര്യങ്ങളുമുണ്ട്’; രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താൻ ചന്ദ്രബാബു നായിഡു
Mail This Article
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമറിയിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ഇക്കാര്യം അറിയിച്ച് രേവന്ത് റെഡ്ഡിക്ക് നായിഡു കത്തെഴുതി. ആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്തു വർഷം ആകുന്നതോടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുൻ ടിഡിപി അംഗവുമായിരുന്നു രേവന്ത് റെഡ്ഡി. 2017 ഒക്ടോബറിലാണ് റെഡ്ഡി ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നത്.
വിഭജനം പൂർത്തിയായി പത്തു വർഷം പിന്നിടുമ്പോൾ ഇരു സംസ്ഥാനങ്ങളും അവരുടെ വികസന, ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ഒരുമിച്ച് തീരുമാനിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ വേഗത്തിൽ നമ്മൾ തീരുമാനിക്കേണ്ടതാണ്. അതിനാൽ ജൂലൈ ആറിനു കൂടിക്കാഴ്ച നടത്താമെന്നും രേവന്തിന് അയച്ച കത്തിൽ നായിഡു പറയുന്നു. കൂടിക്കാഴ്ച തീർത്തും ഗുണകരമാകുമെന്നാണ് വിശ്വാസമെന്നും നായിഡു പറയുന്നു.
ആന്ധ്രാ വിഭജനം പൂർത്തിയായി പത്തു വർഷം പിന്നിടുമ്പോൾ ഹൈദരാബാദ് പൊതു തലസ്ഥാനമായുള്ള നിയമവും അവസാനിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. വിഭജനം കഴിഞ്ഞ് പത്തു വർഷമായിട്ടും നല്ലൊരു തലസ്ഥാനം വാർത്തെടുക്കാൻ ആന്ധ്രയ്ക്ക് കഴിഞ്ഞിട്ടില്ല. അമരാവതിയിൽ പുതിയ തലസ്ഥാനം പണിയാനുള്ള നായിഡുവിന്റെ നീക്കങ്ങൾ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലെത്തിയപ്പോൾ വഴിമുട്ടിയിരുന്നു.