ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് വന്‍ വിവാദമായതോടെ പരാതിക്കാരനു പണം തിരികെ നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി മുഖം രക്ഷിക്കാന്‍ നീക്കം. പരാതിക്കാരനായ പ്രവാസി ടി.ഉമര്‍ ഷെരീഫിന് മുഴുവന്‍ തുകയും തിരിച്ചു നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ സിപിഎം യോഗങ്ങളില്‍ ഉള്‍പ്പെടെ ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെ സംസ്ഥാന പൊലീസ് മേധാവി തന്നെ കേസില്‍ ഉള്‍പ്പെട്ടത് ഏറെ ഗൗരവത്തോടെയാണു സര്‍ക്കാരും പാര്‍ട്ടിയും കാണുന്നത്. കോടതിയുടെ ഇടപെടലുണ്ടായതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഭൂമി ഇടപാട് സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നുവെന്ന് ഉമര്‍ ഷെരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാതി നിലനില്‍ക്കെയാണ് ഡിജിപിക്ക് കാലാവധി നീട്ടി നല്‍കിയതെന്നതും വിവാദമായിട്ടുണ്ട്. ഔദ്യോഗിക മാര്‍ഗരേഖകള്‍ മറികടന്നാണു ഡിജിപി സ്വന്തം ചേംബറില്‍ വച്ച് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയത്. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടക്കുന്നത്. 74 ലക്ഷം രൂപയ്ക്കു ഭൂമി വില്‍ക്കാന്‍ സമ്മതിക്കുകയും മുന്‍കൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറില്‍ ഉള്‍പ്പെട്ട വ്യക്തി മുഖ്യമന്ത്രിക്കു കഴിഞ്ഞ മാസം ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു.

ഇത് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ സമീപിച്ച കാര്യം പരാതിക്കാരന്‍ വെളിപ്പെടുത്തി. സംസ്ഥാന- കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങളും ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജില്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വില്‍ക്കാനാണ് 2023 ജൂണ്‍ 22ന് വഴുതക്കാട് ഡിപിഐ ജംക്‌ഷനു സമീപം ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടത്.

ഇതില്‍ 2 സാക്ഷികളിലൊരാള്‍ ഡിജിപിയാണ്. അസ്സല്‍ ആധാരം ലഭിക്കാതെ വന്നതോടെ, 26 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഉണ്ടെന്നു മനസ്സിലാക്കി കരാര്‍ ലംഘനം ആരോപിച്ച് പണം തിരികെ ചോദിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നുവെന്ന് ഉമര്‍ ഷെരീഫ് പറയുന്നു. തുടര്‍ന്നാണു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി മേയ് 25ന് ഉത്തരവിട്ടത്. കരാര്‍ ഒപ്പിട്ട ദിവസമാണ് ആദ്യ അഡ്വാന്‍സായി 15 ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയതെന്നും വീണ്ടും ആവശ്യപ്പെട്ടതോടെ 4 ദിവസത്തിനു ശേഷം 10 ലക്ഷം രൂപ കൂടി ഇങ്ങനെ നല്‍കിയെന്നും പരാതിക്കാരന്‍ പറയുന്നു.

മൂന്നാമത് പണം ചോദിച്ചപ്പോള്‍ 2023 ജൂലൈ ഒന്നിന് ഡിജിപിക്ക് നേരിട്ട് 5 ലക്ഷം രൂപ നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക ചേംബറിലാണെന്ന ആരോപണവും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലുണ്ട്. ഇതിനിടെയാണു കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം ദര്‍വേഷ് സാഹിബിന് സംസ്ഥാന പൊലീസ് മേധാവിയായി ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയത്. 

അതേസമയം, ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു തന്റെ ഭാഗത്തു തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തനിക്കാണു നഷ്ടം സംഭവിച്ചതെന്നുമുള്ള നിലപാടിലാണ് ഡിജിപി. കൃത്യമായ കരാറോടെയാണ് വില്‍പനയില്‍ ഏര്‍പ്പെട്ടത്. ഭൂമിക്കു വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്നായിരുന്നു ധാരണ. മൂന്നു മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിക്കുകയായിരുന്നുവെന്നും ഡിജിപി പറയുന്നു.

English Summary:

DGP to Resolve High-Profile Land Deal Dispute by Refunding Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com